കോൺവാൾ: വലിയ ശബ്ദത്തോടെയുണ്ടായ ഭൂകമ്പം യു കെയുടെ ചില മേഖലകളെ ഭയത്തിലാഴ്‌ത്തി. വലിയ ശബ്ദത്തിലൂള്ള മുരളലും ഒപ്പം കുലുക്കവും അനുഭവപ്പെട്ടു എന്നാണ് വെസ്റ്റ് കോൺവാൾ നിവാസികൾ പറയുന്നത്. ഒരു ലോറി വീട്ടിലേക്ക് ഇടിച്ചു കയറിയതുപോലുള്ള അനുഭവമായിരുന്നു എന്ന് അവർ പറയുന്നു. രാത്രി, 12.50 നടന്ന ഭൂകമ്പത്തിന്റെ സ്രോതസ്സ് ഭൗമോപരിതലത്തിൽ നിന്നും 13 കിലോ മീറ്റർ താഴെയാണെന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവ്വേ പറയുന്നു. കോൺവാളിലെ ഹെൽസ്റ്റൺ, പെൻസാൻസ്, കാമ്പോൺ തുടങ്ങിയ ഇടങ്ങളിൽ ഇത് അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.

സാധാരണയായി റിറ്റ്ച്ചർ സ്‌കെയിലിൽ 2.5 ന് താഴേക്ക് തീവ്രതയുള്ള ഭൂകമ്പങ്ങൾ നമുക്ക അനുഭവപ്പെടാറില്ലെങ്കിലും സീസ്മോഫ്രാഫിൽ രേഖപ്പെടുത്താറുണ്ട്. ഭൂകമ്പത്തിന്റെ തീവ്രത നാലോ അഞ്ചോ എത്തുന്നതുവരെ കെട്ടിടങ്ങൾക്കും മറ്റും നാശനഷ്ടങ്ങൾ സംഭവിക്കാറുമില്ല. അതുകൊണ്ടു തന്നെ ഈ ഭൂകമ്പം മൂലം കാര്യമായ നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ, പ്രദേശവാസികളെ ആശങ്കയുടെ മുൾമുനയിൽ ഏറെ നേരം നിർത്താൻ ഇതിനായി.

റെഡ്റത്ത്, കാംബോൺ, പെൻസാൻസ്, ഹെൽസ്റ്റൺ, സെയിന്റ് ഐവ്സ്, സെയിന്റ് ജസ്റ്റ് എന്നിവിടങ്ങളിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. പോൻസനൂത്ത് വാസികളും തങ്ങൾക്ക് ഭൂമി കുലുക്കം അനുഭവപ്പെട്ടതായിപറഞ്ഞു എന്ന് കോൺവാൾ ലൈവ് റിപ്പോർട്ട് ചെയ്യുന്നു. മൗണ്ട്സ് ബേയിൽ തീരത്തിൽ ന്ന്നും മാറിയാണ് റിറ്റ്ച്ചർ സ്‌കെയിലിൽ 2.7 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ പറയുന്നു.

കോൺവാളിലെ ഭൂകമ്പം ആശ്ചര്യപ്പെടുത്തുന്ന ഒന്നല്ലെന്ന് ഡോ. ഹോതോൺ ബി ബി സിയോട് പറഞ്ഞു. ബ്രിട്ടനിൽ ഒരു വർഷം ഏതാണ്ട് 200 നും 300 നും ഇടയിൽ ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിൽ 20 ഓ 30 എണ്ണം മാത്രമെ മനുഷ്യർക്ക് അനുഭവപ്പെടാറുള്ളു. തീവ്രത 3 നും 5 നും ഇടയിലായി പ്രതിവർഷം ഒരു ഭൂകമ്പം ബ്രിട്ടനിൽ ഉണ്ടാകാറുണ്ട്. അതുകൊണ്ടു തന്നെ ഇതൊരു അസാധാരണ സംഭവമായി കണക്കാക്കാൻ കഴിയില്ല. മാത്രമല്ല, രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലാണ് കൂടുതൽ ഭൂകമ്പ സാധ്യതയുള്ളത്.