മെൽബൺ: ട്വന്റി 20 ലോകകപ്പിൽ സിംബാബ്‌വെക്കെതിരായ ഇന്ത്യയുടെ അവസാന മത്സരത്തിൽ ഗ്രൗണ്ടിലിറങ്ങി ക്യാപ്റ്റൻ രോഹിത് ശർമയെ പിടിക്കാൻ ഓടിയ ആരാധകന് 6.5 ലക്ഷം രൂപ പിഴ. സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇന്ത്യൻ ക്യാപ്റ്റന് മുന്നിലേക്ക് കരഞ്ഞുകൊണ്ടാണ് കുട്ടി ഓടിയെത്തിയത്. തൊട്ടുപിന്നാലെ സുരക്ഷ ഉദ്യോഗസ്ഥരെത്തി കുട്ടിയെ പിടിച്ചുകൊണ്ടുപോയി.

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ അച്ചടക്കം ലംഘിച്ചതിനാണ് വൻതുക പിഴയിട്ടത്. മത്സരത്തിൽ സിംബാബ്‌വെയുടെ മറുപടി ബാറ്റിങ്ങിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലെത്തിയത്. സുരക്ഷ ഉദ്യോഗസ്ഥർ ചാടിവീണ് കുട്ടിയെ പിടിച്ചെങ്കിലും രോഹിത് ശർമ ഓടിയെത്തി അഭിവാദ്യം ചെയ്തു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മത്സരത്തിൽ 71 റൺസിനാണ് ഇന്ത്യ സിംബാബ്‌വെയെ കീഴടക്കിയത്. പത്തിന് അഡ്ലെയ്ഡിൽ നടക്കുന്ന സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.