ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായത് 33 ലക്ഷത്തോളം പേർ. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങൾ പ്രളയക്കെടുതി നേരിടുകയാണ്. ഔദ്യോഗികക്കണക്കനുസരിച്ച് 982 പേർക്ക് ജീവഹാനി സംഭവിച്ചു. 1,456 പേർക്ക് പരിക്കേറ്റു, ഏഴ് ലക്ഷത്തിലധികം വീടുകൾ തകരുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. 300 കിലോമീറ്ററിലധികം റോഡുകളും 150 പാലങ്ങളും തകർന്നു.

പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ ചൊവ്വാഴ്ച വരെ 'മഴ അടിയന്തരാവസ്ഥ' പ്രഖ്യാപിച്ചു. സ്വാറ്റ് നദി വലിയതോതിൽ കരകവിഞ്ഞ് ഒഴുകുമെന്ന മുന്നറിയിപ്പും പ്രവിശ്യയുടെ ദുരന്തനിവാരണ വിഭാഗം നൽകി. സ്വാറ്റ് മേഖലയിൽ 24 പാലങ്ങളും 50 ഹോട്ടലുകളും ഒലിച്ചുപോയി. പ്രളയബാധിത മേഖലകളിൽ രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സൈന്യത്തെ വിളിക്കാൻ പാക് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

അപ്രതീക്ഷിതമായുണ്ടായ മിന്നൽപ്രളയത്തിൽ രാജ്യത്തിന്റെ പകുതിയിലധികം ഭാഗം വെള്ളത്തിനടിയിലാണെന്നും ലക്ഷക്കണക്കിനാളുകൾ ഭവനരഹിതരാണെന്നും പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു. 5.7 ദശലക്ഷം പേർ ഭക്ഷണമോ കിടപ്പാടമോ ഇല്ലാതെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. നിലവിൽ 982 പേർ പ്രളയം മൂലം മരിച്ചതായി ദേശീയ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽമാത്രം 45 പേരാണ് മരിച്ചത്.

 
 
 
View this post on Instagram

A post shared by Dawn Today (@dawn.today)

നിലവിൽ ബലൂചിസ്താൻ, സിന്ധ്, ഖൈബർ-പാഖ്തംഗ്വ പ്രവിശ്യകളിൽ തുടർച്ചയായ മഴയും കെടുതിയും തുടരുകയാണ്. സിന്ധ്, ബലൂചിസ്താൻ എന്നിവിടങ്ങളാണ് ഏറ്റവുമധികം ബാധിക്കപ്പെട്ട മേഖലകൾ. മിക്കയിടങ്ങളിലും തീവണ്ടി ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. പ്രതികൂലകാലാവസ്ഥയെ തുടർന്ന് പല വിമാനസർവീസുകളും റദ്ദാക്കി.

അടുത്ത ആഴ്ചയും കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. പ്രളയവും തുടർച്ചയായ മഴയും മൂലം വിതരണക്കുഴലുകൾ ഒലിച്ചുപോയതിനെ തുടർന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും പാചകവാതകക്ഷാമം അനുഭവപ്പെടുന്നുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ഷെഹ്ബാദ് ഷരീഫ് സർക്കാർ ഐക്യരാഷ്ട്രസഭയോട് അടിയന്തരസഹായം ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. യുഎൻ സെൻട്രൽ എമർജൻസി റെസ്പോൺസ് ഫണ്ട് ഇതിനോടകം മൂന്ന് ദശലക്ഷം ഡോളർ അനുവദിച്ചു.