ഗസ്സ: ഫലസ്തീൻ കവി റെഫാത്ത് അൽ അരീർ ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. ഗസ്സ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് പ്രഫസറായിരുന്നു അദ്ദേഹം. ഇംഗ്ലീഷിൽ കവിതയെഴുതി ഗസ്സയുടെ അവസ്ഥ ലോകത്തെ അറിയിച്ചിരുന്ന വ്യക്തിയാണ് അരീർ.

ജന്മനാട്ടിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി ശബ്ദമുയർത്തിയ റെഫാത്തിനെ വ്യാഴാഴ്ച അദ്ദേഹം താമസിക്കുന്ന കെട്ടിടത്തിൽ ബോംബിട്ടാണ് ഇസ്രയേൽ വധിച്ചത്. വടക്കൻ ഗസ്സയിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന ഇസ്രയേൽ നിർദ്ദേശം അംഗീകരിക്കാൻ അരീർ തയാറായിരുന്നില്ല.

ഗസ്സയിൽ നിന്നുള്ള എഴുത്തുകാരെ അവരുടെ അനുഭവ കഥകൾ ഇംഗ്ലീഷിൽ എഴുതാൻ സഹായിക്കുന്ന ''വി ആർ നോട്ട് നമ്പേഴ്‌സ്'' പദ്ധതിയുടെ സഹസ്ഥാപകരിൽ ഒരാൾ കൂടിയായിരുന്നു അരീർ. ലൈല അൽ ഹദ്ദാദിനൊപ്പം എഴുതിയ 'ഗസ്സ അൺസൈലൻസ്ഡ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ച ഈ കൂട്ടായ്മക്ക് കീഴിൽ ഗസ്സയിലെ യുവ എഴുത്തുകാരുടെ കഥകൾ എഡിറ്റ് ചെയ്ത് 'ഗസ്സ റൈറ്റ്‌സ് ബാക്ക്' എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു.

'ഞാൻ ഒരു സ്വാതന്ത്ര്യ സമര സേനാനി ആണെങ്കിൽ എന്റെ അയൽപക്കത്തെയും നഗരത്തെയും ആക്രമിക്കുന്ന ഇസ്രയേലി വംശഹത്യ ഭ്രാന്തന്മാരോട് പോരാടി മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു', എന്നായിരുന്നു ഡിസംബർ നാലിന് അദ്ദേഹം സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചത്.