- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹിജാബ് ധരിക്കാതെയെത്തിയ സ്ത്രീക്ക് സേവനം നൽകി; ഇറാനിൽ ബാങ്ക് മാനേജർക്ക് ജോലി നഷ്ടം; ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുമ്പോൾ അടിച്ചമർത്തൽ നടപടികളുമായി സർക്കാർ
ടെഹ്റാൻ: ഖത്തറിലെ ലോകകപ്പ് വേദികളിലടക്കം ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന്റെ അലയടികൾ ശക്തമാണ്.സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇറാന്റെ ദേശീയ ടീം ലോകകപ്പ് വേദിയിൽ ദേശീയഗാനം ആലപിക്കാതെയടക്കമാണ് പ്രതിഷേധം ലോകത്തോട് വിളിച്ചുപറഞ്ഞത്. എന്നാൽ സമരത്തോടുള്ള ഇറാൻ സർക്കാരിന്റെ അടിച്ചമർത്തൽ സമീപനം ഇപ്പോഴും തുടരുകയാണ്.ഹിജാബ് വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാനിൽ സമരക്കാർക്കും പിന്തുണയ്ക്കുന്നവർക്കും എതിരായ നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
ഏറ്റവും ഒടുവിലായി അന്താരാഷ്ട്രാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതും അത്തരത്തിലൊരു സംഭവമാണ്.തല മറയ്ക്കാതെ ബാങ്കിലെത്തിയ ഉപഭോക്താവായ സ്ത്രീക്ക് സേവനം നൽകിയതിനു ബാങ്ക് മാനേജരുടെ കസേര തെറിപ്പിച്ചെന്നാണു പുതിയ റിപ്പോർട്ട്.ഖ്വോം പ്രവിശ്യയിലാണു സ്ത്രീക്ക് സേവനം നൽകിയതിന്റെ പേരിൽ ബാങ്ക് മാനേജരെ ജോലിയിൽ നിന്നും മാറ്റിയിരിക്കുന്നത്.
ടെഹ്റാനു സമീപമുള്ള പ്രവിശ്യയിലാണു സംഭവമെന്നു മെഹ്ർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ശിരോവസ്ത്രം ധരിക്കാതെ എത്തിയ സ്ത്രീക്കു ബാങ്ക് സേവനങ്ങൾ നൽകിയതിനാണു മാനേജർക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചത്.ഗവർണറുടെ ഉത്തരവ് പ്രകാരം മാനേജരെ വ്യാഴാഴ്ചതന്നെ പദവിയിൽനിന്നു നീക്കിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സംഭവത്തിന് പിന്നാലെ വിശദീകരണവുമായി ഡപ്യൂട്ടി ഗവർണർ രംഗത്തെത്തി.ഭരണകൂടത്തിന്റെ കീഴിലുള്ള ബാങ്കുകളാണു ഇറാനിൽ കൂടുതലും.ഹിജാബ് നിയമം പാലിക്കേണ്ടതു ബാങ്ക് മാനേജർമാരുടെ ഉത്തരവാദിത്തമാണെന്നു ഡപ്യൂട്ടി ഗവർണർ അഹമ്മദ് ഹാജിസദേഹ് പറഞ്ഞു.ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി (22) മരിച്ചതിനു പിന്നാലെ രാജ്യത്താരംഭിച്ച പ്രക്ഷോഭം ശക്തമായി തന്നെ ഇപ്പോഴും തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ