ലാഹോർ: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഭിക്ഷാപാത്രവുമായി ലോകം ചുറ്റുകയാണെന്നും അദ്ദേഹത്തിന് ആരും ചില്ലിക്കാശ് പോലും നൽകുന്നില്ലെന്നും പരിഹസിച്ച് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഒരു പ്രാദേശിക വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാന്റെ പരാമർശം.

പാക്കിസ്ഥാനിൽ പ്രധാന നഗരങ്ങളെ മുഴുവൻ ഇരുട്ടിലാക്കി വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ പരിഹസിച്ച് ഇമ്രാൻ ഖാൻ രംഗത്ത് എത്തിയത്. ഊർജ നിലയങ്ങളിലേക്കുള്ള കൽക്കരി വാങ്ങാൻ പണം ഇല്ലാത്തതാണ് വൈദ്യുതി മുടങ്ങാനുള്ള കാരണമെന്നാണ് സൂചന. ഭിക്ഷാപാത്രം എടുത്ത അവസ്ഥയിലാണ് സർക്കാരെന്നാണ് ഇമ്രാൻ ഖാന്റെ പരിഹാസം.

ഭിക്ഷാപാത്രവുമായി ലോകം ചുറ്റുകയാണ് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫെന്നും എന്നാൽ ആരും ചില്ലിക്കാശ് പോലും നൽകുന്നില്ലെന്നുമാണ് ഇമ്രാൻ ഖാന്റെ വിമർശനം. അതേസമയം പാക്കിസ്ഥാൻ ഏറെക്കുറെ ഇരുട്ടിലാണ്.

തലസ്ഥാനമായ ഇസ്ലാമാബാദും കറാച്ചിയും ലാഹോറും പെഷവാറും ബലൂചിസ്ഥാനും അടക്കം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലാണ്.പാക്കിസ്ഥാനിൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടിരിക്കുകയാണ്. ട്രാഫിക് സിഗ്‌നലുകൾ തെളിയിക്കാൻ വൈദ്യുതിയില്ല. 22 കോടി പേരെ നേരിട്ട് ബാധിച്ച പ്രതിസന്ധിയാണ് പാക്കിസ്ഥാനിലേതെന്നാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോർട്ട്.

എന്നാൽ വൈദ്യുതി ഗ്രിഡിലുണ്ടായ തകരാർ മൂലമാണ് വൈദ്യുതി തടസം നേരിടുന്നതെന്നാണ് ഷഹബാസ് ഷരീഫ് സർക്കാർ വാദിക്കുന്നത്. വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ ഡീസലും കൽക്കരിയുടെയും ശേഖരം തീർന്നെന്നാണ് വിവരം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ പാക് സർക്കാരിന് ഇവ വാങ്ങാനും കവിയുന്നില്ല. ആവശ്യമായ വൈദ്യുതിയുടെ 90 ശതമാനവും ഡീസൽ-കൽക്കരി നിലയങ്ങളിൽ നിന്നാണ് പാക്കിസ്ഥാൻ ഉൽപ്പാദിപ്പിക്കുന്നത്.

എന്നാൽ ഈ പ്രതിസന്ധി പാക്കിസ്ഥാൻ ഭരണകൂടം നേരത്തെ തന്നെ പ്രതീക്ഷിച്ചതാണ്. വൈദ്യുതി ഉപഭോഗത്തിൽ പാക് ഭരണകൂടം കൊണ്ടുവന്ന നിയന്ത്രണങ്ങൾ ഈ കാരണത്താലാണെന്നാണ് നിഗമനം. സർക്കാർ ഓഫീസുകളിലെ വൈദ്യുതി ഉപഭോഗം 30 ശതമാനമാക്കി കുറയ്ക്കാരും വ്യാപാര സ്ഥാപനങ്ങൾ രാത്രി എട്ടിനും ഭക്ഷണശാലകൾ രാത്രി പത്തിനും അടയ്ക്കാനും പാക്കിസ്ഥാൻ നിർദ്ദേശം നൽകിയിരുന്നു. ഈ പ്രതിസന്ധി ഇതുവരെ അയഞ്ഞിട്ടില്ല. ഇപ്പോഴും പാക്കിസ്ഥാൻ ഇരുട്ടിലാണ്.