ഹൈദരാബാദ്: അമേരിക്കയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു. അമേരിക്കയിൽ ബിസിനസ് അനാലിസിസിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന ഹൈദരാബാദിൽനിന്നുള്ള വിദ്യാർത്ഥിനിയാണ് വാഹനാപകടത്തിൽ മരിച്ചത്. ഹൈദരാബാദ് നാരായണഗുഡയിൽ നിന്നുള്ള പ്രതീക്ഷ കുൻവാർ (24) ആണ് യു.എസിലെ കൻസസിലെ ചെനിയിൽ വാഹനാപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

ഒക്ടോബർ 15ന് രാത്രി പ്രതീക്ഷയും സഹോദരി പ്രിയങ്കയും സുഹൃത്ത് സായി തേജയും ഡ്രൈവർ വരുണും കാറിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്.

ഡ്രൈവർ സിഗ്‌നൽ പാലിക്കാത്തതിനെ തുടർന്ന് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് മറ്റൊരു സഹോദരി പ്രതിഭ വിശദീകരിച്ചു. അപകടത്തിൽ സായി തേജയ്ക്കും പ്രിയങ്കയ്ക്കും നിസാര പരിക്കേറ്റു. പ്രതീക്ഷ സംഭവസ്ഥലത്ത് തന്നെ മരിച്ചു, ഡ്രൈവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതീക്ഷയുടെ മൃതദേഹം ഹൈദരാബാദിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. മൃതദേഹം വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ ഹൈദരാബാദിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ കുടുംബവുമായി ബന്ധപ്പെടുകയും സഹായം നൽകുകയും ചെയ്യുന്നുണ്ട്.