ബോസ്റ്റൺ: ഇന്ത്യൻ വിദ്യാർത്ഥിയെ അമേരിക്കയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബോസ്റ്റൺ സർവകലാശാലയിലെ എൻജിനീയറിങ് വിദ്യാർത്ഥി ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ നിന്നുള്ള പരുചുരി അഭിജിത്ത് (20) ആണ് കൊല്ലപ്പെട്ടത്. കാട്ടിൽ കാറിനുള്ളിലാണ് അഭിജിത്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷമാണ് അഭിജിത്ത് ബോസ്റ്റൺ സർവകലാശാലയിലെത്തിയത്.

കൂട്ടുകാർക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. ക്ലാസിനുശേഷം തിരികെയെത്താത്തതിനെ തുടർന്ന് കൂട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കാട്ടിൽ കാറിനുള്ളിൽ മരിച്ച നിലയിൽ അഭിജിത്തിനെ കണ്ടെത്തിയത്. പണവും ലാപ്ടോപ്പും കവരുന്നതിനായി ആക്രമികൾ അഭിജിത്തിനെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എന്നാൽ ഇത് പൂർണമായും സ്ഥിരീകരിച്ചിട്ടില്ല. ഗുണ്ടൂർ സ്വദേശികളായ പരുചുരി ചക്രധർ - ശ്രീലക്ഷ്മി ദമ്പതികളുടെ ഏകമകനാണ് അഭിജിത്ത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.