ബാഗ്ദാദ്: ഇറാഖിൽ 2014ൽ നൂറുകണക്കിന് സൈനിക കേഡറ്റുകളെ ക്രൂരമായി കൂട്ടക്കൊല ചെയ്ത സംഭവത്തിൽ 14 ഐ എസ് ഭീകരർക്ക് വധശിക്ഷ വിധിച്ച് കോടതി. 2014 ജൂണിൽ തിക്രിത് മേഖലയിലെ സ്പീച്ചർ സൈനിക താവളത്തിൽ നിന്ന് 1,700 ഷിയ വിഭാഗത്തിൽപ്പെടുന്ന സൈനികരെ തട്ടിക്കൊണ്ടുപോയി കൂട്ടക്കൊല ചെയ്ത സംഭവത്തിലാണ് ബാഗ്ദാദിലെ അൽ-റുസഫ ക്രിമിനൽ കോടതി ഐ എസ് ഭീകരരെ തൂക്കിക്കൊല്ലാൻ ശിക്ഷിച്ചതെന്ന് ജുഡീഷ്യൽ ഉദ്യോഗസ്ഥർ പറയുന്നു.

'2014 ലെ ക്യാമ്പ് സ്പീച്ചർ കൂട്ടക്കൊലയിൽ പങ്കെടുത്തതിന് 14 ക്രിമിനൽ ഭീകരർക്കെതിരെ വധശിക്ഷ വിധിച്ചു', എന്ന് ദേശീയത വ്യക്തമാക്കാതെ ജുഡീഷ്യൽ അഥോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. ശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ ഐ എസ് ഭീകരർക്ക് 30 ദിവസത്തെ സമയമുണ്ട്. വധശിക്ഷയ്ക്ക് അനുമതി നൽകുന്ന ഉത്തരവുകൾ ഇറാഖ് പ്രസിഡന്റിന്റെ ഒപ്പുവയ്‌ക്കേണ്ടതുണ്ട്.

2014ൽ ഇറാഖിൽ ഭീകരസംഘം നടത്തിയ ആക്രമണത്തിന്റെ ആദ്യനാളുകളിൽ രാജ്യത്തെ രണ്ടാമത്തെ നഗരമായ മൊസൂൾ പിടിച്ചെടുത്ത് തങ്ങളുടെ ശക്തികേന്ദ്രമാക്കി മാറ്റിയപ്പോഴാണ് സ്പീച്ചർ കൂട്ടക്കൊല നടന്നത്. പിന്നീട് തെക്കോട്ട് നീങ്ങിയ ഭീകരസംഘം സദ്ദാം ഹുസൈന്റെ സ്വന്തം പട്ടണമായ തിക്രിത് പിടിച്ചെടുത്തു. സ്പീച്ചർ സൈനിക താവളത്തിൽ നിന്ന് പലായനം ചെയ്യുകയായിരുന്ന 1,700 ഇറാഖി സൈനികരെ അവർ പിടികൂടി കഴുത്തറുത്തും വെടിവെച്ചും കൊലപ്പെടുത്തുകയായിരുന്നു. ആഴം കുറഞ്ഞ കുഴിയിൽ മുഖം കുനിച്ച് കിടക്കാൻ പ്രേരിപ്പിച്ച ശേഷം തോക്കുധാരികൾ വെടിവെച്ച് കൊല്ലുന്നതിന്റെ ചിത്രങ്ങൾ ഭീകരസംഘം പുറത്തുവിട്ടിരുന്നു.

ഐസിസ് ചില മൃതദേഹങ്ങൾ തിക്രിത്തിലൂടെ ഒഴുകുന്ന ടൈഗ്രിസ് നദിയിലേക്ക് എറിഞ്ഞു, മറ്റുള്ളവ കൂട്ടക്കുഴിമാടങ്ങളിൽ അടക്കം ചെയ്തു. സ്പീച്ചർ കൂട്ടക്കൊല ചരിത്രത്തിലെ ഏറ്റവും മാരകമായ രണ്ടാമത്തെ ഭീകരപ്രവർത്തനമായാണ് കണക്കാക്കപ്പെടുന്നത്. കൂട്ടക്കൊല ഇറാഖിലുടനീളം പ്രകോപനം സൃഷ്ടിച്ചിരുന്നു. സുന്നി തീവ്രവാദ ഗ്രൂപ്പായ ഐഎസിനെതിരായ പോരാട്ടത്തിൽ ഷിയാകളെ ഒന്നിപ്പിക്കുന്നതിന് കൂട്ടക്കൊല കാരണമായിരുന്നു.

2015-ൽ ഇറാഖി സൈന്യം അമേരിക്കയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണത്തിന്റെ സഹായത്തോടെ 2015-ൽ തിക്രിത് പട്ടണം തിരിച്ചുപിടിച്ചതിന് ശേഷം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഡസൻ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തിരുന്നു. ഒരു വർഷത്തിനുശേഷം, കൂട്ടക്കൊലയിൽ പങ്കെടുത്ത് 36 ഐ എസ് ഭീകരരെ തൂക്കിലേറ്റിയിരുന്നു. 2017-ൽ ഇറാഖി സൈന്യവും ഒരു അന്താരാഷ്ട്ര സഖ്യവും ചേർന്ന് ഐ എസിനെ തുരത്തിയിരുന്നു. 12,000-ലധികം ഇറാഖികളും വിദേശികളുമായ ഐ എസ് ഭീകരർ ഇറാഖി ജയിലുകളിൽ കഴിയുന്നുണ്ടെന്ന് 2018 ൽ ഐക്യരാഷ്ട്രസഭ കണക്കുകൾ സൂചിപ്പിക്കുന്നു.