ജോർജിയ: യു.എസിലെ ഇസ്രയേൽ കോൺസുലേറ്റിന് പുറത്ത് പ്രതിഷേധിക്കാൻ എത്തിയയാൾ സ്വയം തീകൊളുത്തി. ജോർജിയയിലെ അറ്റ്‌ലാന്റയിലുള്ള ഇസ്രയേൽ കോൺസുലേറ്റിന് പുറത്ത് വെള്ളിയാഴ്ചയാണ് സംഭവം. ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന നരമേധത്തിൽ പ്രതിഷേധിച്ചാണ് ഈ ഞെട്ടിക്കുന്ന കൃത്യം നടത്തിയതെന്ന് കരുതുന്നു.

സംഭവസ്ഥലത്തുനിന്ന് ഫലസ്തീൻ പതാക കണ്ടെടുത്തു. ദേഹമാസകലം പൊള്ളലേറ്റ പ്രതിഷേധക്കാരൻ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇയാളുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ രക്ഷിക്കുന്നതിനിടയിൽ ഒരു സുരക്ഷ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.

ഇസ്രയേലിനോടുള്ള വിദ്വേഷം കൊണ്ടാണ് പ്രതിഷേധക്കാരൻ സ്വയം തീകൊളുത്തിയതെന്ന് ഇസ്രയേൽ കോൺസൽ ജനറൽ അനറ്റ് സുൽത്താൻ ഡാഡൻ ആരോപിച്ചു. 'തീകൊളുത്തിയ സംഭവം അറിഞ്ഞു. അതിയായ സങ്കടമുണ്ട്. ഇസ്രയേലിനോടുള്ള വെറുപ്പും വിദ്വേഷവും ഇത്രയും ഭയാനകമായ രീതിയിൽ പ്രകടിപ്പിക്കുന്നത് വളരെ ദാരുണമാണ്' -അവർ എബിസി ന്യൂസിനോട് പറഞ്ഞു. തടയാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ സുരക്ഷാ ഉദ്യോഗസ്ഥന് വേണ്ടി പ്രാർത്ഥിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.