ലോസ് ഏഞ്ചൽസ്: വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിന്റെ കാലമാണോ വരാനിരിക്കുന്നത് എന്ന ആശങ്കയ്ക്കിടെ ടെക് ഭീമൻ കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടലുകൾ. നൂറുകണക്കിന് ടെക് പ്രൊഫഷണലുകൾക്ക് ഇരുട്ടടിയായാണ് വീണ്ടും പിരിച്ചുവിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലെ ജോലിക്കാരെ പിരിച്ചിവിടാൻ പോകുന്ന കാര്യം ഗൂഗിളും ആമസോണും സ്‌നാപും പ്രഖ്യാപിച്ചുകഴിഞ്ഞു.

ഉൽപ്പന്ന മാനേജ്മെന്റ്, ഉപഭോക്തൃ സേവനങ്ങൾ, എഞ്ചിനീയറിങ് എന്നീ മേഖലയിൽ ജോലി ചെയ്യുന്നവരെയാണ് ഏറ്റവും പുതിയ പിരിച്ചുവിടൽ ബാധിച്ചിരിക്കുന്നത്. തങ്ങളുടെ മ്യൂസിക് ശാഖയിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം കഴിഞ്ഞ ദിവസമായിരുന്നു ആമസോൺ പുറത്തുവിട്ടത്. തൊട്ടുപിന്നാലെ, ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കുന്ന വിഭാഗത്തിൽ നിന്ന് ജോലിക്കാരെ പിരിച്ചുവിടുന്നതായി ഗൂഗിളും അറിയിച്ചു.

അതേസമയം, പ്രൊഡക്ട് മാനേജ്മെന്റിലെ ജീവനക്കാരെയാണ് സ്നാപ് പിരിച്ചുവിടുന്നത്. അമേരിക്കൻ വെബ്സൈറ്റായ സിലോയും ( ദശഹഹീം) ജോലിക്കാരെ പിരിച്ചുവിടാൻ പോവുകയാണ്. ലാറ്റിനമേരിക്ക, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരെ പിരിച്ചുവിടൻ ബാധിക്കുമെന്നതിനാൽ ഇത് ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, എന്തിനാണ് തങ്ങൾ ജീവനക്കാരെ പിരിച്ചുവിടുന്നത് എന്ന ചോദ്യത്തിന് കമ്പനികൾ അവ്യക്തമായ മറുപടികളാണ് നൽകിയത് എന്ന റിപ്പോർട്ടുമുണ്ട്.

നൂറുപേരുള്ള ടീമിലെ കുറച്ചുപേരെ മാത്രമാണ് പിരിച്ചുവിടൽ ബാധിച്ചതെന്ന് ഗൂഗിൾ വക്താവ് ഫ്‌ളാവിയ സെക്ലെസിനെ ഉദ്ധരിച്ച് ദി ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്തിരുന്നു. 'ആമസോൺ മ്യൂസിക് ടീമിൽ നിന്ന് ചില റോളുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. മ്യൂസിക് വിഭാഗത്തിൽ നിക്ഷേപം തുടരും'. ഇങ്ങനെയായിരുന്നു ആമസോൺ വക്താവ് പ്രസ്താവനയിൽ അറിയിച്ചത്.