- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹാരിക്ക് രാജ്ഞി കനിഞ്ഞു നൽകിയ നാവികസേന മേധാവി പദവിയിലേക്ക് മടങ്ങി വന്ന് ചാൾസ് രാജാവ്; ആറര പതിറ്റാണ്ട് രാജ്ഞിയുടെ ഭർത്താവും മുൻപ് രാജാക്കന്മാരും വഹിച്ച പദവി വീണ്ടും രാജാവിലേക്ക്; ഹാരിക്ക് കടുത്ത നിരാശ
ലണ്ടൻ: ബ്രിട്ടീഷ് നാവിക സേനയായ റോയൽ മറീൻസിന്റെ ആലങ്കാരിക മേധാവിയായി ഇന്ന് ചാൾസ് മൂന്നാമൻ രാജാവ് പ്രഖ്യാപിക്കപ്പെട്ടു. നേരത്തേ ഹാരി രാജകുമാരൻ വഹിച്ചിരുന്ന പദവിയായിരുന്നു ഇത്. ഈ തീരുമാനം പരസ്യമാക്കുന്നതിനു മുൻപായി ചാൾസ് മൂന്നാമൻ തന്റെ മകൻ ഹാരിയെ അറിയിച്ചിരുന്നു. നേരത്തേ, രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ ക്യാപ്റ്റൻ ജനറൽ പദവിയിൽ നിന്നും വിരമിച്ചപ്പോൾ, ആ പദവിയിലേക്ക് ഹാരിയെ എലിസബത്ത് രാജ്ഞി നിയമിക്കുകയായിരുന്നു. 2017-ൽ ആയിരുന്നു ഹരി ക്യാപ്റ്റൻ ജനറൽ ആയി നിയമിക്കപ്പെട്ടത്.
നീണ്ട 64 വർഷക്കാലമായിരുന്നു ഫിലിപ്പ് രാജകുമാരൻ ആ പദവിയിലിരുന്നത്. അത് ലഭിച്ചതിൽ അന്ന് ഹാരി ഏറെ സന്തുഷ്ടനുമായിരുന്നു. ഫിലിപ്പ് രാജകുമാരൻ അവസാനമായി തന്റെ ചുമതലകൾ നിർവഹിക്കുന്ന സമയത്ത് ഹാരിയും സന്നിഹിതനായിരുന്നു. അവിടെ വച്ചായിരുന്നു ഹാരി ചുമതല ഏറ്റുവാങ്ങിയത്. രാജകുടുംബാംഗം എന്ന നിലയിലുള്ള ചുമതകലകൾ ഒഴിഞ്ഞ് 2019-ൽ അമേരിക്കയിലേക്ക് പോകുമ്പോഴും തന്റെ ആലങ്കരിക സൈനിക പദവികൾക്കൊപ്പം നാവികസേനാ മേധാവി സ്ഥാനവും തനിക്ക് തന്നെയായിരിക്കുമെന്നായിരുന്നു ഹാരി വിചാരിച്ചത്.
എന്നാൽ, സ്വയം സ്വത്ത് സമ്പാദനവും രാജകുടുംബാംഗം എന്ന നിലയിലുള്ള പ്രവർത്തനവും ഒരുമിച്ച് കൊണ്ടു പോകാൻ ആകില്ലെന്ന് എലിസബത്ത് രാജ്ജി കർശനമായി പറഞ്ഞതോടെ ഹാരിക്ക് നിരാശനാകേണ്ടി വന്നു. അതോടെ രാജ പദവികൾക്കൊപ്പം സൈനിക പദവികളും ഹാരിയിൽ നിന്നും എടുത്തു മാറ്റുകയായിരുന്നു. ഹാരിയും മേഗനും വഹിച്ചിരുന്ന പദവികളും രക്ഷാധികാരിസ്ഥാനങ്ങളും രാജ്ഞി അവരിൽ നിന്നും ഏറ്റെടുക്കുകയായിരുന്നു. പിന്നീട് അത് രാജകുടുംബത്തിലെ വിവിധ ചുമതലകൾ വഹിക്കുന്ന അംഗങ്ങൾക്കായി വീതിച്ച് നൽകി.
എന്നാൽ, രാജ്ഞിയുടെ ഈ നടപടിയെ പുച്ഛിക്കുന്ന വിധത്തിലുള്ളതായിരുന്നു ഹാരിയുടെയും മേഗന്റെയും ഇതിനോടുള്ള പ്രതികരണം. തങ്ങൾക്ക് ലോകത്തിനായി വിവിധ സേവനങ്ങൾ നൽകാൻ ആകുമെന്നും, സ്വന്തം ജീവിതത്തോടൊപ്പം സേവന പ്രവർത്തനങ്ങളും മുൻപോട്ട് കൊണ്ടുപോകുമെൻബുമായിരുന്നു അവർ പറഞ്ഞത്.
ഹാരിയിൽ നിന്നും നാവിക സേനാ മേധാവി പദവി എടുത്തു മാറ്റിയപ്പോൾ അത് ആന്നി രാജകുമാരിക്ക് നൽകും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. അങ്ങനെയെങ്കിൽ ആ പദവിയിലെത്തുന്ന ആദ്യത്തെ വനിത ആകുമായിരുന്നു രാജകുമാരി. 1953-ൽ രാജ്ഞി, തന്റെ ഭർത്താവ് ഫിലിപ്പ് രാജകുമാരന് നൽകുന്നത് വരെ ഈ പദവി വഹിച്ചിരുന്നത് അതാത് കാലത്ത് ഭരണത്തിൽ ഉണ്ടായിരുന്നവർ തന്നെയായിരുന്നു. ജോർജ്ജ് അഞ്ചാമൻ, എഡ്വേർഡ് എട്ടാമൻ, ജോർജ്ജ് ആറാമൻ എന്നിവരൊക്കെ ആ പദവി വഹിച്ചവരാണ്.
എന്നാൽ സൈന്യത്തിൽ അഭിമാനകരമായ സേവനം പൂർത്തിയാക്കിയ തന്റെ ഭർത്താവിനോടുള്ള ആദരസൂചകമായി എലിസബത്ത് രാജ്ഞി ആ പദവി ഭർത്താവ് ഫിലിപ്പ് രാജകുമാരന് നൽകുകയായിരുന്നു. രാജ്ഞിയെ വിവാഹം കഴിച്ചതോടെ സൈനിക സേവനം നിർത്താൻ ഫിലിപ്പ് രാജകുമാരൻ നിർബന്ധിതനാകുകയായിരുന്നു. എന്നാൽ, ആലങ്കാരിക മേധാവി എന്ന സ്ഥാനം അദ്ദേഹം ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. 64 വർഷവും 201 ദിവസവും ആയിരുന്നു അദ്ദേഹം ആ പദവിയിൽ ഇരുന്നത്.
റോയൽ മറീൻ ഫോഴ്സിന്റെ 358-ാം സ്ഥാപന വാർഷികത്തിലാണ് ഇപ്പോൾ പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. 1664 ഒക്ടോബർ 28 ന് അന്നത്തെ ബ്രിട്ടീഷ് രാജാവ് ചാൾസ് രണ്ടാമൻ ആയിരുന്നു റോയൽ മറീൻ ഫോഴ്സ് രൂപീകരിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പോരാളി സംഘങ്ങളിൽ ഒന്നായി അറിയപ്പെടുന്ന റോയൽ മറീൻ ഫോഴ്സ്, സമുദ്രത്തിലും കരയിലും ഒരുപോലെ യുദ്ധം ചെയ്യാൻ പരിശീലനം നേടിയവരുടെ പ്രതേക യൂണിറ്റാണ്. റോയൽ നേവിക്ക് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.
മറുനാടന് ഡെസ്ക്