ലണ്ടൻ: വാളും കൈയിലേന്തി ലണ്ടൻ നഗരത്തെ വിറപ്പിച്ച് യുവാവിന്റെ ആക്രമണം. ആക്രമണത്തിൽ 13-കാരൻ കൊല്ലപ്പെട്ടു. ലണ്ടനിലെ ഹൈനോൾട്ടിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. സമുറായ് വാളുമായി എത്തിയ യുവാവ് കാരണമില്ലാതെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു. സംഭവം ഭീകരാക്രമണമല്ലെന്ന് പൊലീസ് വ്യക്തമാക്കി.

സാമുറായി വാൾ മാതൃകയിലുള്ള ആയുധം കൈയേലേന്തി തെരുവിൽ പരാക്രമണം കാണിക്കുന്ന യുവാവിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാളെ കീഴടക്കാൻ ശ്രമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരും ദൃശ്യങ്ങളിലുണ്ട്.

രാവിലെ ഏഴ് മണിയോടെ ഒരു വാഹനം വീട്ടിലേക്ക് ഇടിച്ചുകയറ്റുകയും ഇതിലുണ്ടായിരുന്ന ആൾ വീട്ടുകാരെ കത്തികൊണ്ട് കുത്തിയെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇയാൾ രണ്ടു പൊലീസുകാരടക്കം നിരത്തിലുള്ളവർക്കുനേരെയും ആക്രമണം നടത്തിയിട്ടുണ്ടെന്ന് പിന്നീട് വ്യക്തമായി, പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില പരിശോധിച്ചുവരികയാണെന്നും പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. അഞ്ചോളംപേരെ തങ്ങൾ ആശുപത്രിയിൽ എത്തിച്ചെന്ന് ലണ്ടൻ ആംബുലൻസ് സർവീസ് വൃത്തങ്ങൾ അറിയിച്ചു.

അടുത്തിടെയായി ലണ്ടനിൽ അക്രമങ്ങൾ വർധിച്ചുവരുന്നതായാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. 2023-ലേതിനേക്കാൾ 20 ശതമാനത്തിലധികം അക്രമസംഭവങ്ങൾ വർധിച്ചതായാണ് റിപ്പോർട്ട്.