ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനേഴാം സീസണിൽ മൂന്ന് റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഏറ്റവും കൂടുതൽ കൈയടി നേടുന്ന യുവതാരമായി മാറിയിരിക്കുകയാണ് മായങ്ക് യാദവ്. രണ്ട് വർഷത്തോളം ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ ഭാഗമായിരുന്ന മായങ്കിന് കളിക്കാൻ അവസരം ലഭിച്ചത് ഈ സീസണിലാണ്. യുവതാരം അത് നന്നായി മുതലാക്കുകയും ചെയ്തു. ആദ്യത്തെ രണ്ട് മത്സരത്തിലൂടെത്തന്നെ മായങ്ക് കരുത്തുകാട്ടിയിരിക്കുകയാണ്. ആർസിബിക്കെതിരായ മത്സരത്തിൽ 4 ഓവറിൽ വെറും 14 റൺസ് വിട്ടുകൊടുത്താണ് മായങ്കിന്റെ മൂന്ന് വിക്കറ്റ് പ്രകടനം. പഞ്ചാബിനെതിരെയും ബംഗളുരുവിനെതിരെയും യുവതാരം കളിയിലെ താരമായി മാറുകയും ചെയ്തു.

റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ലകനൗ മികച്ച വിജയം സ്വന്തമാക്കിയപ്പോൾ നിർണായകമായത് മയങ്ക് യാദവിന്റെ ബോളിങ്ങായിരുന്നു. ഐപിഎൽ സീസണിലെ വേഗമേറിയ പന്തെന്ന സ്വന്തം റെക്കോർഡ് ആർസിബിക്കെതിരായ മത്സരത്തിൽ മായങ്ക് തിരുത്തിക്കുറിച്ചു. 156.7 കിലോമീറ്റർ വേഗതയിലാണ് ചൊവ്വാഴ്ച മയങ്ക് പന്തെറിഞ്ഞത്. പഞ്ചാബ് കിങ്‌സിനെതിരെ കുറച്ചുദിവസങ്ങൾക്കു മുൻപ് 155.8 കിലോമീറ്റർ വേഗതയിലെറിഞ്ഞ പന്തായിരുന്നു നിലവിലെ സീസണിലെ റെക്കോർഡ്.

ദിവസങ്ങളുടെ മാത്രം ആയുസ്സുണ്ടായിരുന്ന ഈ റെക്കോർഡ് അതിന്റെ ഉടമ തന്നെ തിരുത്തിക്കുറിച്ചു. ബെംഗളൂരു താരങ്ങളായ ഗ്ലെൻ മാക്‌സ്‌വെൽ, കാമറൂൺ ഗ്രീൻ, രജത് പട്ടീദാർ എന്നിവരുടെ വിക്കറ്റുകളാണ് മയങ്ക് വീഴ്‌ത്തിയത്. ആർസിബി മുൻനിരയെ തകർക്കുന്നതിൽ താരത്തിന്റെ പ്രകടനം നിർണായകമായി. വേഗതയുടെ കാര്യത്തിൽ വിദേശ താരങ്ങളായ നാന്ദ്രെ ബർഗർ (153), ജെറാൾഡ് കോട്‌സീ (152.3), അൽസരി ജോസഫ് (151.2), മതീഷ പതിരാന (150.9) എന്നിവരാണ് മയങ്കിനു പിന്നിലുള്ളത്.

നാല് ഓവറുകൾ പന്തെറിഞ്ഞ മയങ്ക് യാദവ് 14 റൺസ് മാത്രമാണു മത്സരത്തിൽ വഴങ്ങിയത്. താരത്തിന്റെ ഓവറുകളിൽ ആർസിബി ബാറ്റർമാർ നേടിയത് രണ്ടു ബൗണ്ടറികൾ മാത്രം. കാമറൂൺ ഗ്രീൻ താരത്തിന്റെ പന്തു നേരിടാനാകാതെ ബോൾഡായപ്പോൾ, കമന്ററി ബോക്‌സിലുണ്ടായിരുന്ന മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിവരെ ഞെട്ടിപ്പോയി. പഞ്ചാബ് കിങ്‌സിനെതിരെയും താരം മൂന്നു വിക്കറ്റു വീഴ്‌ത്തിയിരുന്നു.

ഐപിഎല്ലിൽ തുടർച്ചയായി രണ്ടു മത്സരങ്ങളിൽ മൂന്നു വിക്കറ്റുകൾ വീഴ്‌ത്തുന്ന ആറാമത്തെ മാത്രം ബോളറാണ് മയങ്ക്. രണ്ടു കളികളിലും താരം പ്ലേയർ ഓഫ് ദ് മാച്ചും ആയി. കഴിഞ്ഞ സീസണുകളിലും ലക്‌നൗവിനൊപ്പമുണ്ടായിരുന്ന താരത്തിനു പരുക്കു കാരണം കളിക്കാൻ സാധിച്ചിരുന്നില്ല.

ലോകകപ്പ് ടീമിലേക്കോ?

റോ പേസിന് ക്രിക്കറ്റിൽ എല്ലാക്കാലത്തും വലിയ ആരാധകവലയമുണ്ട്. ഇപ്പോൾ ഇക്കൂട്ടത്തിലേക്ക് ക്രിക്കറ്റ് പ്രേമികളുടെ കണ്ണുടക്കിയിരിക്കുന്നത് ഒരു യുവ താരത്തിന്റെ പേരാണ്. ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനായി 150 കിലോമീറ്ററിലേറെ വേഗമുള്ള പന്തുകളുമായി അമ്പരപ്പിക്കുന്ന 21 വയസുകാരൻ പേസർ മായങ്ക് യാദവാണ് ഇപ്പോൾ ആരാധകരുടെ സംസാര വിഷയം. ഇതോടെ മായങ്ക് യാദവ് വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിൽ കളിക്കുമോ എന്ന ചോദ്യം ഇതിനകം ഉയർന്നുകഴിഞ്ഞു.

ഐപിഎൽ കരിയറിൽ ഇതുവരെ രണ്ട് മത്സരങ്ങൾ മാത്രമാണ് മായങ്ക് യാദവ് കളിച്ചിട്ടുള്ളത്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനായി ഇറങ്ങിയ രണ്ട് കളിയിലും 150 കിലോമീറ്ററിലേറെ വേഗമുള്ള പന്തുകളുമായി ഞെട്ടിച്ച താരം തുടർച്ചയായി മാൻ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങൾ സ്വന്തമാക്കി. രണ്ട് കളിയിൽ ആറ് വിക്കറ്റുമായി പർപിൾ ക്യാപ് പട്ടികയിൽ വെറും രണ്ട് മത്സരം കൊണ്ട് രണ്ടാംസ്ഥാനത്തേക്ക് കുതിച്ചെത്തുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിയുടെ താരമായ മായങ്കിനെ വെറും 20 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ഐപിഎല്ലിൽ ലഖ്‌നൗ ടീം സ്വന്തമാക്കിയത്. പഞ്ചാബ് കിങ്‌സിനെതിരായ അരങ്ങേറ്റത്തിൽ 27 റൺസിന് മൂന്ന് വിക്കറ്റുമായി മായങ്ക് കളിയിലെ താരമായിരുന്നു. ആർസിബിക്കെതിരെ പിന്നാലെ 14 റൺസിന് 3 വിക്കറ്റുമായും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി.

ആർസിബിക്ക് എതിരായ മത്സരത്തിൽ ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തുമായി (156.7 kmph) മായങ്ക് യാദവ് ഞെട്ടിച്ചു. 155.8 kmph എന്ന തന്റെ തന്നെ റെക്കോർഡാണ് മായങ്ക് തകർത്തത്. രണ്ട് തകർപ്പൻ പ്രകടനത്തോടെ മായങ്ക് യാദവിനെ ട്വന്റി 20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം മുന്നോട്ടുവെക്കുകയാണ് ആരാധകർ. #MayankYadavForT20WorldCup2024 എന്ന ഹാഷ്ടാഗ് ഇതിനകം വൈറലായിക്കഴിഞ്ഞു. റോ പേസിന് പുറമെ പന്തിന്മേലുള്ള മികച്ച നിയന്ത്രണമാണ് മായങ്കിനെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ജസ്പ്രീത് ബുമ്ര നയിക്കുന്ന ഇന്ത്യൻ പേസ് നിരയിലേക്ക് മായങ്ക് യാദവ് ഒരുനാൾ എത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഡെയ്ൻ സ്റ്റെയിന്റെ പ്രശംസ

റണ്ണൊഴുകുന്ന ചിന്നസ്വാമിയിൽ ഇത്തരമൊരു ഗംഭീര പ്രകടനം നടത്തുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ മായങ്കിന്റെ പ്രകടനം എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. ഉംറാൻ മാലിക്കിന് ശേഷം വേഗംകൊണ്ട് ഞെട്ടിക്കുന്ന ഇന്ത്യൻ പേസറാണ് മായങ്ക് യാദവ്. തുടർച്ചയായി മണിക്കൂറിൽ 150ന് മുകളിൽ വേഗത്തിൽ പന്തെറിയാൻ മായങ്കിന് സാധിക്കുന്നുണ്ട്. ഇപ്പോഴിതാ മായങ്കിന്റെ ബൗളിങ് മികവിനെ സാക്ഷാൽ ഡെയ്ൻ സ്റ്റെയിൻ തന്നെ പ്രശംസിച്ചിരിക്കുകയാണ്. പഞ്ചാബിനെതിരെ എറിഞ്ഞ വേഗപന്താണ് സ്റ്റെയ്‌നെ വിസ്മയിപ്പിച്ചത്.

'155.8, മായങ്ക് യാദവ് എവിടെയാണ് നീ മറച്ചുവെക്കുന്നത്' സ്റ്റെയിൻ എക്സിൽ പോസ്റ്റ് ചെയ്തത് ഇപ്പോൾ വൈറലായിരിക്കുകയാണ്. മുൻ ദക്ഷിണാഫ്രിക്കൻ പേസറായ സ്റ്റെയിനാണ് താന്റെ റോൾ മോഡൽ ബൗളറെന്നാണ് മായങ്ക് പറയുന്നത്. അതുകൊണ്ടുതന്നെ സ്റ്റെയിന്റെ പ്രശംസ മായങ്കിനെ സന്തോഷവാനാക്കിയിട്ടുണ്ടാവുമെന്നുറപ്പ്. മായങ്ക് യാദവ് അധികം വൈകാതെ ഇന്ത്യൻ ടീമിലേക്കെത്താൻ കെൽപ്പുള്ളവനാണ്. കാരണം ഇന്ത്യൻ ക്രിക്കറ്റിൽ അധികം കാണാത്ത ബൗളിങ് മികവാണിത്.

ഇത്രയും വേഗത്തിൽ തുടർച്ചയായി പന്തെറിയുന്ന താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റിൽ പൊതുവേ കുറവാണ്. ഉംറാൻ മാലിക്കും ഇതേ വേഗത്തിൽ പന്തെറിയുമായിരുന്നെങ്കിലും ഇതേ ലൈനും ലെങ്തും താരത്തിന് അവകാശപ്പെടാനാവില്ലായിരുന്നു. നിലവിലെ മായങ്കിന്റെ ബൗളിങ് വേഗം എല്ലാവരേയും ഞെട്ടിപ്പിക്കുന്നതാണ്. കൂടാതെ മികച്ച ലെങ്ത് കാത്ത് പന്തെറിയാനും മായങ്കിന് സാധിക്കുന്നുണ്ട്. എന്നാൽ സ്ഥിരതയാണ് കണ്ടറിയേണ്ടത്.

ആദ്യ രണ്ട് മത്സരത്തിലും മികച്ച ലൈനും ലെങ്തുമാണ് മായങ്കിനുണ്ടായിരുന്നത്. എന്നാൽ വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരാൻ മായങ്കിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. ആർസിബിയുടെ കാമറൂൺ ഗ്രീനിനെ പുറത്താക്കിയ മായങ്കിന്റെ പന്ത് തീപാറുന്നതായിരുന്നു. ലഖ്നൗവിനെ തുടർച്ചയായ രണ്ടാം മത്സരത്തിലും ജയിപ്പിച്ചതിന് പിന്നാലെ രണ്ട് കളിയിലും താരമായി മാറാൻ മായങ്കിന് സാധിച്ചു. നാല് പന്തുകൾ 155ന് മുകളിൽ വേഗത്തിലെറിഞ്ഞ ഐപിഎല്ലിലെ ആദ്യ ബൗളറായും യുവ മായങ്ക് മാറി.

ഉംറാൻ മാലിക്കും ആൻ റിച്ച് നോക്കിയേയും രണ്ട് തവണ വീതമാണ് ഈ നേട്ടത്തിലെത്തിയത്. വെറും 48 പന്തുകൾക്കുള്ളിൽ ഈ നേട്ടത്തിലേക്കെത്തിയ മായങ്കിന് ഇനിയും വലിയ റെക്കോഡുകളിലേക്കെത്താൻ സാധിക്കും. അതിനുള്ള പ്രതിഭ മായങ്കിനുണ്ട്. എന്നാൽ അതിവേഗ ബൗളർമാരുടെയെല്ലാം പ്രധാന പ്രശ്നം ഫിറ്റ്നസാണ്. അതിവേഗ പേസറെന്ന നിലയിൽ മായങ്കിന് ഫിറ്റ്നസ് പ്രശ്നമുണ്ടാവാൻ സാധ്യതയുണ്ട്. ഈ ഐപിഎൽ സീസണിന് മുമ്പ് അഞ്ച് മാസത്തോളം താരം പരിക്കേറ്റ് വിശ്രമത്തിലായിരുന്നു.

ഈ സാഹചര്യത്തിൽ താരത്തിന് ഫിറ്റ്നസ് കാര്യത്തിലും ശ്രദ്ധിക്കാനായാൽ വലിയ ഭാവി മുന്നിലുണ്ട്. ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാവാൻ പ്രതിഭയുള്ള താരമാണ് മായങ്ക് എന്ന കാര്യത്തിൽ തർക്കമില്ല. ടി20 ലോകകപ്പ് വരാനിരിക്കെ അപ്രതീക്ഷിതമായി മായങ്കിനെ ഇന്ത്യ ടീമിലേക്കെത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്തായാലും വലിയ പ്രശംസയാണ് മായങ്കിന് ഇപ്പോൾ ലഭിക്കുന്നത്. ഇതേ പ്രകടന മികവ് വരുന്ന മത്സരങ്ങളിലും തുടരാൻ താരത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.