ലണ്ടൻ: ഒരു ബോർഡിങ് സ്‌കൂളിലെ സംഗീതാധ്യാപിക തന്റെ വിദ്യാർത്ഥിയുമായി സ്വന്തം വീട്ടിലും കാറിലും വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി അച്ചടക്ക പാനലിനു മുൻപിൽ പരാതിയെത്തി. മിഷേൽ പാരി എന്ന 42 കാരി തന്റെ നഗ്‌ന ചിത്രങ്ങൾ ഈ വിദ്യാർത്ഥിക്ക് അയച്ചു നൽകുകയും ചെയ്തുവത്രെ. രണ്ട് മുൻ വിദ്യാർത്ഥികളിൽ നിന്നുൾപ്പടെ നിരവധി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഈ അദ്ധ്യാപികയെ അദ്ധ്യാപകവൃത്തിയിൽ നിന്നും വിലക്കിയിരിക്കുകയാണിപ്പോൾ.

രണ്ട് മുൻ വിദ്യാർത്ഥികൾവർഷങ്ങൾക്ക് ശേഷം 2021-ൽ കണ്ടുമുട്ടിയപ്പോഴായിരുന്നു മിഷേൽ പാരി എന്ന അദ്ധ്യാപികയിൽ നിന്നുണ്ടായ അനുഭവം പരസ്പരം പങ്കുവച്ചത്. ഇവരുടെ പേരുവിവരങ്ങൾ നിയമപരമായ കാരണത്താൽ വെളിപ്പെടുത്തിയിട്ടില്ല. പിന്നീട് ഇരുവരും 2022 ജനുവരിയിൽ ഇക്കാര്യം പരാമർശിച്ചു കൊണ്ട് ടീച്ചിങ് റെഗുലേഷൻ ഏജൻസി (ടി ആർ എ) ക്ക് പരാതി നൽകുകയായിരുന്നു.

തുടർന്ന് തെളിവുകൾ വിശദമായി പഠിച്ചതിന് ശേഷമാണ് തൊഴിലിൽ പാലിക്കേണ്ട നൈതികതക്ക് വിരുദ്ധമായ പെരുമാറ്റമാണ് പാരിയുടെ പക്കൽ നിന്നും ഉണ്ടായതെന്ന് പാനൽ കണ്ടെത്തിയത്. ബറി സെയിന്റ് എഡ്മോൺഡ്സ് സ്‌കൂളിലായിരുന്നു പാരി പഠിപ്പിച്ചിരുന്നത്. അതിനു മുൻപ് 2005 മുതൽ 2011 വരെ ഹാഡ്ലീഗ് ഹൈസ്‌കൂളിലും 2010-2011 കാലഘട്ടത്തിൽ സഫോക്ക് വൺ സിക്സ്ത് ഫോം കോളേജിലും പഠിപ്പിച്ചിട്ടുണ്ട്.

ഏകദേശം 10 വർഷങ്ങൾക്ക് മുൻപ് സംഭവം നടക്കുമ്പോൾ മിഷേൽ റാൻഡേ എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. നവംബർ 29 മുതൽ ഡിസംബർ 1 വരെ നടന്ന വിചാരണയിൽ പാരി പങ്കെടുക്കുകയോ തന്റെ പ്രതിനിധിയെ അയയ്ക്കുകയോ ചെയ്തിരുന്നില്ല. 2009 നും 2012 നും ഇടയിൽ, തൊഴിലിലെ നൈതികത പുലർത്തുന്നതിൽ പാരി പരാജയപ്പെട്ടു എന്നാണ് പാനൽ വിലയിരുത്തിയത്. ഒന്നിലധികം സന്ദർഭങ്ങളിൽ 'എ' എന്ന് പരാമർശിക്കപ്പെട്ട വ്യക്തിയെ അന്ന് വിദ്യാർത്ഥിയായിരിക്കുമ്പോൾ പാരി സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചിരുന്നു എന്ന് പാനൽ കണ്ടെത്തി. മദ്യസത്ക്കാരം ഉൾപ്പടെയുള്ള വിരുന്നുകളിൽ പങ്കെടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതുപോലെ ഈ വിദ്യാർത്ഥികളുമായി ഹോട്ടൽ മുറിയിലും മറ്റും താമസിക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂൾ മ്യുസിക്കൽ ഈവന്റുകളുമായി ബന്ധമില്ലാത്ത യാത്രകളും ഇവർക്കൊപ്പം നടത്തിയിരുന്നു. മാത്രമല്ല, ലൈംഗിക ചുവയുള്ള ടെക്സ്റ്റ് സന്ദേശങ്ങളും ചിത്രങ്ങളും പാരി ഇവർക്ക് വ്യത്യസ്ത കാലങ്ങളിലായി അയച്ചിരുന്നു. അതിനു പുറമെ 'എ' എന്ന വിദ്യാർത്ഥിയുമായി കാറിനുള്ളിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു.

നിരവധി തവണ അദ്ധ്യാപികയുടെ വീട്ടിൽ വെച്ചും അതുപോലെ മറ്റിടങ്ങളിൽ വെച്ചും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. പിന്നീട് 2009- 2011 കാലഘട്ടത്തിൽ 'ബി' എന്ന് പരാമർശിക്കപ്പെട്ട വിദ്യാർത്ഥിയുമായും സമാനമായ രീതിയിലുള്ള ബന്ധം തുടർന്നിരുന്നു എന്നും പാനൽ കണ്ടെത്തിയിരുന്നു.