- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വായ്പ്പാ തട്ടിപ്പു കേസിൽ നീരവ് മോദിയുടെ ഹരജി ലണ്ടൻ കോടതി തള്ളി; ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് ഹൈക്കോടതി; 11,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയ വജ്രവ്യാപാരി തിരികെ ഇന്ത്യയിലേക്കെത്തും
ലണ്ടൻ: വായ്പ തട്ടിപ്പു കേസിൽ ബ്രിട്ടീഷ് ജയിലിൽ കഴിയുന്ന ഗുജറാത്തിലെ വജ്ര വ്യാപാരി നീരവ് മോദിയുടെ ഹരജി ലണ്ടൻ കോടതി തള്ളി. തന്നെ ഇന്ത്യക്ക് കൈമാറുന്നത് തടയണം എന്നാവശ്യപ്പെട്ട് നീരവ് മോദി സമർപ്പിച്ച ഹരജിയാണ് തള്ളിയത്. ഇതോടെ അധികം വൈകാതെ നീരവ് മോദി ഇന്ത്യയിലെത്തുമെന്ന് ഉറപ്പായി. 11,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയാണ് 51 കാരനായ നീരവ് മോദി രാജ്യം വിട്ടത്.
പഞ്ചാബ് നാഷനൽ ബാങ്കുമായി ബന്ധപ്പെട്ട വായ്പ തിരിമറിയിലാണ് വിചാരണക്കായി നീരവിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടത്. ഇതിനെതിരെ നീരവ് മോദി ലണ്ടൻ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. പിടികിട്ടാപ്പുള്ളിയായ ബിസിനസുകാരനെ ഇന്ത്യയിലേക്ക് നാടുകടത്താൻ ബ്രിട്ടൻ തയാറാണെന്ന് കോടതി വിധി പുറപ്പെടുവിച്ചിരുന്നു.
ലണ്ടൻ ജയിലിൽ നിന്ന് നീരവിനെ മുംബൈയിലെ ആർതർ റോഡ് ജയിലിലേക്ക് മാറ്റാനാണ് തീരുമാനം. ബ്രിട്ടീഷ് ഹൈക്കോടതി വിധിക്കെതിരെ 14ദിവസത്തിനകം നീരവ് മോദിക്ക് സുപ്രീംകോടതിയിൽ ഹരജി നൽകാം. പൊതുജനതാൽപര്യം മുൻനിർത്തിയുള്ള കേസിലെ കക്ഷിയാണെന്ന് ഹൈക്കോടതി സമ്മതിച്ചാൽ മാത്രമേ ഇതിന് സാധിക്കൂ.
പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് വ്യാജരേഖകൾ ചമച്ച് കോടികൾ വായ്പയെടുത്ത് മുങ്ങിയ നീരവ് 2019 മാർച്ചിലാണു ലണ്ടനിൽ അറസ്റ്റിലായത്. നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്ന് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വൻകിട ബിസിനസുകാർക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് (ലെറ്റർ ഓഫ് കംഫർട്) രേഖകൾ ഉപയോഗിച്ചാണു നീരവ് വിദേശത്തു തട്ടിപ്പു നടത്തിയത്.
മറുനാടന് ഡെസ്ക്