- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുക്രൈനിയൻ വനിതയെ കുടിയേറ്റക്കാരൻ ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്തുവിട്ടു; ഇറ്റലിയിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥി വിവാദത്തിൽ
റോം: യുക്രൈനിയൻ വനിതയെ ഗിനിയയിൽ നിന്നുള്ള കുടിയേറ്റക്കാരൻ ബലാത്സംഗം ചെയ്യുന്ന വീഡിയോ ദൃശ്യം ട്വിറ്ററിൽ പങ്കുവെച്ച ഇറ്റലിയിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥി വിവാദ കുരുക്കിൽ. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണത്തിൽ വളരെ മുന്നിലുള്ള ജിയോർജിയ മെലോനിയാണ് ട്വിറ്ററിൽ ദൃശ്യങ്ങൾ പങ്കുവെച്ചത്. ഒരു മാധ്യമത്തിന്റെ ഓൺലൈൻ എഡിഷനിൽ പ്രസിദ്ധീകരിച്ച വീഡിയോയാണ് മെലോനി ട്വീറ്റ് ചെയ്തത്.
അവ്യക്തമാക്കിയ വീഡിയോയാണ് പങ്കുവെച്ചതെങ്കിലും ട്വീറ്റ് നീക്കം ചെയ്തിരിക്കുകയാണ് ഇപ്പോൾ ട്വിറ്റർ. എന്നാൽ ഈ നടപടി ക്രൂരമാണെന്നും അതിജീവിതയുടെ അനുവാദം വാങ്ങാതെയുള്ള മെലോനിയുടെ നടപടി അവർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാമെന്നുമാണ് വിവിധ രാഷ്ട്രീയ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും വിമർശിക്കുന്നത്.
ഇരയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും അവർക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടുമാണ് താൻ വീഡിയോ പങ്കുവെച്ചതെന്നാണ് മെലോനിയുടെ വിശദീകരണം. ഞായറാഴ്ചയാണ് 55-കാരിയായ യുക്രൈൻ സ്വദേശിനി ബലാത്സംഗം ചെയ്യപ്പെട്ടത്. ഗിനിയയിൽ നിന്നും ഇറ്റലിയിലെത്തിയ വ്യക്തിയാണ് കേസിലെ പ്രതി.
വഴിയോരത്തുവച്ചാണ് ബലാത്സംഗം നടന്നത്. സമീപത്തെ ഒരു ഫ്ളാറ്റിൽ താമസിക്കുന്ന ഒരാളാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. കുറ്റവാളിയെ തിരിച്ചറിഞ്ഞെന്നും ഇയാളെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് സ്ഥിരീകരിച്ചു. വീഡിയോയിൽ ഇര ആരാണെന്ന് വ്യക്തമല്ലെങ്കിലും അവരുടെ കരച്ചിൽ വ്യക്തമായിരുന്നു. വീഡിയോ ദൃശ്യങ്ങൾ എങ്ങനെയാണ് പ്രചരിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.