- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നേപ്പാൾ ക്രിക്കറ്റ് ടീം നായകൻ സന്ദീപ് ലമിച്ചാനെ പീഡിപ്പിച്ചെന്ന പരാതിയുമായി 17 വയസുകാരി
കാഠ്മണ്ഡു: നേപ്പാൾ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ലെഗ് സ്പിന്നറുമായ സന്ദീപ് ലമിച്ചാനെ പീഡിപ്പിച്ചെന്ന പരാതിയുമായി 17 വയസുകാരി. പെൺകുട്ടി കാഠ്മണ്ഡു പൊലീസിൽ പരാതി നൽകി. സന്ദീപ് ലമിച്ചാനെ ഓഗസ്റ്റ് 21ന് കാഠ്മണ്ഡുവിലെ ഹോട്ടലിൽ വച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്.
കരീബിയൻ പ്രീമിയർ ലീഗിൽ കളിച്ചുകൊണ്ടിരിക്കുന്ന ലമിച്ചാനെ ആരോപണത്തിൽ പ്രതികരിച്ചിട്ടില്ല. പരാതിയിന്മേൽ കാഠ്മണ്ഡു വാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റ് 22ന് നേപ്പാൾ ക്രിക്കറ്റ് ടീം കെനിയയിലേക്ക് പുറപ്പെടുന്നതിന്റെ തലേന്ന് സന്ദീപ് ലമിച്ചനെ പെൺകുട്ടിയോട് യാത്ര പോകാൻ ആവശ്യപ്പെട്ടിരുന്നു. രാത്രി 8 മണിയോടെ ഗേറ്റുകൾ അടച്ചതിനാൽ പെൺകുട്ടിക്ക് ഹോസ്റ്റലിലേക്ക് തിരികെ മടങ്ങാൻ കഴിഞ്ഞില്ല, കാഠ്മണ്ഡുവിലെ ഹോട്ടലിൽ താമസിക്കാൻ നിർബന്ധിതയായി.
ഈ ഹോട്ടലിൽ വച്ചാണ് സന്ദീപ് ലമിച്ചാനെ പീഡിപ്പിച്ചത് എന്നാണ് പെൺകുട്ടിയുടെ പരാതി. പരാതി നൽകിയതിന് തൊട്ടുപിന്നാലെ പെൺകുട്ടിയെ ആരോഗ്യപരിശോധനയ്ക്ക് വിധേയയാക്കി. ലമിച്ചാനെയുടെ ആരാധികയായ പെൺകുട്ടി താരവുമായി വാട്സ്ആപ്പിലും സ്നാപ്ചാറ്റിലും മുമ്പ് സംസാരിച്ചിരുന്നതായാണ് റിപ്പോർട്ട്. നേരിൽ കാണാൻ ക്രിക്കറ്റർ തന്നെയാണ് താൽപര്യം അറിയിച്ചത്.
അന്വേഷണത്തിനായി ഹാജരാകാൻ കരീബിയൻ പ്രീമിയർ ലീഗിനിടെ സന്ദീപ് ലമിച്ചാനെയോട് ആവശ്യപ്പെടുമോ എന്ന് വ്യക്തമല്ല. താരത്തിനെതിരെ നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ നടപടിയെടുക്കുമോ എന്നും അറിവായിട്ടില്ല.
2018ലാണ് സന്ദീപ് ലമിച്ചാനെ നേപ്പാൾ ടീമിനായി അരങ്ങേറിയത്. 30 ഏകദിനങ്ങളിൽ 69 വിക്കറ്റും 40 രാജ്യാന്തര ടി20കളിൽ 78 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഐപിഎല്ലിൽ ഒൻപത് മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരം 13 വിക്കറ്റും പേരിലാക്കി. ഏകദിനത്തിൽ 11 റണ്ണിന് ആറും ടി20യിൽ 9 റണ്ണിന് അഞ്ചും വിക്കറ്റാണ് മികച്ച പ്രകടനം. ഐപിഎല്ലിൽ കളിച്ച ആദ്യ നേപ്പാളി ക്രിക്കറ്ററാണ്. 2019 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നേപ്പാളിന്റെ പ്രതീക്ഷയായി മാറിയ താരം കൂടിയാണ് സന്ദീപ് ലമിച്ചാനെ