- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബലൂചിസ്ഥാനിൽ വെള്ളപ്പൊക്ക കെടുതിയിൽ വലഞ്ഞ മുസ്ലിം കുടുംബങ്ങൾക്ക് അടക്കം അഭയകേന്ദ്രമായി ഹിന്ദു ക്ഷേത്രം
ബലൂചിസ്ഥാൻ: വെള്ളപ്പൊക്ക കെടുതി വിട്ടൊഴിയാതെ ദുരിതത്തിലാണ് ഇപ്പോഴും പാക്കിസ്ഥാന്റെ വിവിധ പ്രദേശങ്ങൾ. വെള്ളപ്പൊക്കത്തിൽ ആയിരക്കണകിന് ആളുകൾ മരിക്കുകയും നിരവധി പേർക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തു. ബലൂചിസ്ഥാനിലെ കാച്ചി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജലാൽ ഖാൻ എന്ന കൊച്ചു ഗ്രാമം ഇപ്പോഴും ദുരിതത്തിലാണ്. നിരവധി വീടുകൾ ഇവിടെ നശിച്ചു. നാരി, ബോലാൻ, ലെഹ്രി നദികളിലെ വെള്ളപ്പൊക്കത്തെത്തുടർന്ന് ഗ്രാമം മറ്റ് പ്രവിശ്യകളിൽ നിന്ന് ഒറ്റപ്പെട്ടതായി പാക് പത്രമായ 'ഡോൺ' റിപ്പോർട്ട് ചെയ്യുന്നു.
പ്രതിസന്ധിയിൽ വലഞ്ഞ പ്രദേശവാസികൾക്ക് അഭയകേന്ദ്രമായി മാറിയത് ഹിന്ദു ക്ഷേത്രമായ ബാബ മധോദസ് മന്ദിറാണ്. പ്രളയബാധിതരായ ആളുകൾക്കും അവരുടെ കന്നുകാലികൾക്കും ക്ഷേത്രത്തിന്റെ വാതിലുകൾ തുറന്നുകൊടുത്തതായി ഡോൺ റിപ്പോർട്ട് ചെയ്തു.
പ്രദേശവാസികൾ പറയുന്നതനുസരിച്ച്, വിഭജനത്തിനു മുമ്പുള്ള ഒരു ഹിന്ദു സന്യാസി ആയിരുന്നു ബാബ മധോദസ്. പ്രദേശത്തെ മുസ്ലീങ്ങളും ഹിന്ദുക്കളും ഒരുപോലെ ഇദ്ദേഹത്തെ ആദരിച്ചിരുന്നു. 'അദ്ദേഹം ഒട്ടകപ്പുറത്താണ് യാത്ര ചെയ്തിരുന്നത്' -ഭാഗ് നാരി തഹസിൽ നിന്നുള്ള ഗ്രാമത്തിലെ പതിവ് സന്ദർശകനായ ഇൽതാഫ് ബുസ്ദാർ പറയുന്നു. ജാതിക്കും മതത്തിനും അതീതനായി ചിന്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഇൽതാഫ് പറയുന്നു.
ബലൂചിസ്ഥാനിൽ ഉടനീളമുള്ള ഹിന്ദു ആരാധകർ പതിവായി സന്ദർശിക്കുന്ന ഈ ആരാധനാലയം കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ചതാണ്. ഉയർന്ന ഭൂമിയിൽ സ്ഥിതി ചെയ്യുന്നതിനാൽ, വെള്ളപ്പൊക്കത്തിൽ നിന്ന് താരതമ്യേന സുരക്ഷിതമായി നിലകൊള്ളുകയും വെള്ളപ്പൊക്കത്തിൽ വലയുന്ന ആളുകൾക്ക് ഒരു സങ്കേതമായി വർത്തിക്കുകയും ചെയ്യും. അതിനാലാണ് ഭക്തർ ആരാധനാലയം വെള്ളപ്പൊക്ക ബാധിതർക്കായി തുറന്നുകൊടുത്തത്.
ഭാഗ് നാരി തഹസീലിലെ കടയുടമ രത്തൻ കുമാർ (55) ആണ് ഇപ്പോൾ ക്ഷേത്രത്തിന്റെ ചുമതല വഹിക്കുന്നത്. 'ബലൂചിസ്ഥാനിൽ നിന്നും സിന്ധിൽ നിന്നും ധാരാളം ആളുകൾ എല്ലാ വർഷവും തീർത്ഥാടനത്തിനായി ഇവിടെയെത്തുന്നതിനാൽ ക്ഷേത്രത്തിൽ നൂറിലധികം മുറികളുണ്ട്' -അദ്ദേഹം പറയുന്നു.
അസാധാരണമായ മഴയിൽ ഏതാനും മുറികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും മൊത്തത്തിൽ ഘടന സുരക്ഷിതമായി നിലകൊള്ളുന്നതായി രത്തന്റെ മകൻ സാവൻ കുമാർ പറഞ്ഞു. കുറഞ്ഞത് 200-300 ആളുകൾ, കൂടുതലും മുസ്ലീങ്ങൾ, അവരുടെ കന്നുകാലികൾ എന്നിവക്ക് പരിസരത്ത് അഭയം നൽകുകയും ഹിന്ദു കുടുംബങ്ങൾ അവരെ പരിപാലിക്കുകയും ചെയ്തതായി ഡോൺ റിപ്പോർട്ട് ചെയ്തു.