കാലിഫോർണിയ: ലോകകോടീശ്വരനായ ജെഫ് ബെസോസുമായി വിവാഹ ബന്ധം വേർപ്പെടുത്തിയപ്പോൾ ലഭിച്ച കോടികൾ മൂല്യമുള്ള വീടുകൾ ദാനം ചെയ്ത് മുൻഭാര്യ മക്കെൻസി സ്‌കോട്ട്. ജെഫ് ബെസോസുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷം തനിക്ക് ജീവനാംശമായി കിട്ടിയ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് മക്കെൻസി വിനിയോഗിക്കുന്നത്. ഇതിന് പുറമെയാണ് കോടികൾ വിലമതിക്കുന്ന വീടും ദാനം ചെയ്തത്.

കോടികൾ മൂല്യം വരുന്ന രണ്ട് വീടുകൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അവർ ദാനം ചെയ്തുവെന്ന വാർത്തകളാണ് ഒടുവിൽ പുറത്ത് വരുന്നത്. കാലിഫോർണിയ കമ്യൂണിറ്റി ഫൗണ്ടേഷൻ എന്ന ജീവകാരുണ്യ സംഘടനയ്ക്ക് വേണ്ടി ഏകദേശം 438 കോടിരൂപ(55 മില്യൺ ഡോളർ) മൂല്യമുള്ള വീടുകൾ മക്കെൻസി ദാനം ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് വീടുകൾ മക്കെൻസി കൈമാറിയതെന്ന് ഡേർട്ട് ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. 26 വർഷത്തോളം നീണ്ട വിവാഹബന്ധത്തിൽ നിന്ന് ഇരുവരും 2019-ലാണ് പിരിഞ്ഞത്. ബന്ധം വേർപ്പെടുത്തിയതോടെ ആമസോണിൽ ജെഫ് ബെസോസിന് ഉണ്ടായിരുന്ന 25 ശതമാനം ഓഹരികൾ മക്കെൻസിക്ക് ലഭിച്ചിരുന്നു. നിലവിൽ ലോകത്തിലെ ഏറ്റവും സമ്പന്നയായ വ്യക്തികളിൽ 29-ാം സ്ഥാനമാണ് ഇവർക്കുള്ളത്.

നേരത്തെ ഈ വീടുകൾ ജെഫ് ബെസോസിന്റെയും മക്കെൻസിയുടെയും ഉടസ്ഥതയിലായിരുന്നു. വിവാഹബന്ധം വേർപ്പെടുത്തിയതോടെ വീടുകളുടെ പൂർണ ഉടമസ്ഥാവകാശം മക്കെൻസിക്ക് ലഭിച്ചു. 12,000 ചതുരശ്ര അടി വിസ്തീർണമുള്ള ഹസിയെൻഡ സ്‌റ്റൈൽ വീടും 4500 ചതുരശ്ര അടി വിസ്തീർണമുള്ള മറ്റൊരു വീടുമാണ് ദാനം ചെയ്തിരിക്കുന്നത്. വിശാലമായ സ്വിമ്മിങ് പൂൾ, ടെന്നിസ് കോർട്ട്, പുൽത്തകിടി എന്നീ സൗകര്യങ്ങൾ ഈ വീടുകളിലുണ്ട്. രണ്ട് വീടുകളിലുമായി 13 കിടപ്പുമുറികളും 14 ബാത്ത്റൂമുകളുമാണ് ഉള്ളത്.