ന്യൂയോർക്ക്: വാർത്തകളിൽ ഏറെക്കാലം നിറഞ്ഞുനിന്ന ഒന്നായിരുന്നു ഹോളിവുഡ് താരദമ്പതികളായിരുന്ന ജോണി ഡെപ്പും ആംബർ ഹേഡും തമ്മിലുള്ള വിവാഹമോചനം. നീണ്ട വാദ പ്രതിവാദങ്ങൾക്കൊടുവിൽ മാനനഷ്ടക്കേസിൽ ഹോളിവുഡ് താരം ജോണി ഡെപ്പിന് അനുകൂല വിർജീനിയ കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു. 2018ൽ നടിയും ജോണി ഡെപ്പിന്റെ ഭാര്യയുമായ ആംബർ ഹേർഡ് എഴുതിയ ലേഖനം ജോണി ഡെപ്പിന് മാനഹാനി വരുത്തിയെന്ന് ഏഴംഗ ജ്യൂറി വിലയിരുത്തുകയും ചെയ്തിരുന്നു. ഏറെ ചർച്ച ചെയ്യപ്പെട്ട കേസ് അഭ്രപാളിയിലേക്ക് എത്തുകയാണ്.

ടുബി ഒരുക്കുന്ന സിനിമയുടെ ട്രെയിലർ പുറത്തുവന്നു. 'ഹോട്ട് ടേക്ക്: ദി ഡെപ്പ്/ ഹേഡ് ട്രയൽ' എന്ന പേരിലാണ് സിനിമ ഒരുങ്ങുക. മാർക് ഹപ്കയാണ് ഡെപ്പിന്റെ വേഷത്തിലെത്തുക. മേഗൻ ഡേവിസ് ആംബർ ഹേഡിന്റെ വേഷത്തിലെത്തും. സാറ ലോമാൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 2015 ലായിരുന്നു ജോണി ഡെപ്പും ആംബർ ഹേർഡും വിവാഹിതരായത്. തുടർന്ന് 2017 ൽ ഇരുവരും വേർപിരിഞ്ഞു.

ആംബർ ഹേർഡ് ജോണി ഡെപ്പിന് നഷ്ടപരിഹാരമായി 15 മില്യൺ ഡോളർ നൽകണമെന്ന് കോടതി ഉത്തരവിട്ടു. വിധി തന്നെ തകർത്തുവെന്ന് ആംബർ ഹേർഡ് പ്രതികരിച്ചിരുന്നു. വാഷിങ്ടൺ പോസ്റ്റിന്റെ ഓപ്-എഡ് പേജിലായിരുന്നു ആംബർ ഹേർഡിന്റെ ലേഖനം. സെക്ഷ്വൽ വയലൻസ് എന്ന പേരിലെഴുതിയ ലേഖനത്തിൽ ഗാർഹിക പീഡനത്തിന്റെ പ്രതിനിധിയായാണ് ഹേർഡ് സ്വയം ചിത്രീകരിച്ചത്. ലേഖനത്തിൽ ഡെപ്പിന്റെ പേര് പരാമർശിക്കുന്നില്ലെങ്കിൽ കൂടി താനാണ് ലേഖനത്തിൽ പ്രതി സ്ഥാനത്തെന്ന് ചൂണ്ടിക്കാട്ടി 50 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസുമായി ജോണി ഡെപ്പ് കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാൽ ആംബർ ഹേർഡിന്റെ വാദങ്ങൾ കളവാണെന്ന് ഡെയ്‌ലി മെയിൽ മാധ്യമത്തോട് പ്രതികരിച്ച ഡെപ്പിന്റെ അഭിഭാഷകന്റെ പരാമർശം വന്നതോടെ ആംബർ ഹേർഡും മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 100 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസാണ് ജോണി ഡെപ്പിനെതിരെ നൽകിയത്. ഈ കേസിൽ കോടതി ജോണി ഡെപ്പിന് 2 മില്യൺ ഡോളറാണ് പിഴ ചുമത്തിയത്.

ജോണി ഡെപ്പ് നൽകിയ മാനനഷ്ടക്കേസിൽ തനിക്ക് 395 കോടി രൂപ(50 മില്യൺ ഡോളർ) നഷ്ടമായെന്ന് ആംബർ ഹേർഡ് വ്യക്തമാക്കിയിരുന്നു. വിചാരണക്ക് മുൻപ് കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് ഹേർഡ് ഇതെക്കുറിച്ച് പരാമർശിച്ചിരിക്കുന്നതെന്ന് ദ ബീസ്റ്റ് ഡെയ്ലി റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ചു വർഷത്തോളം നിയമപോരാട്ടം നീണ്ടതാണ് ഹേർഡിനെ പ്രതിസന്ധിയിലാക്കിയത്.

വിവാഹമോചനത്തിന്റെ സമയത്ത് 'പൈറേറ്റ്‌സ് ഓഫ് കരീബിയൻ' അഞ്ചാം ഭാഗത്തിൽനിന്ന് ഡെപ്പിന് ലഭിച്ച വരുമാനം ഹേർഡിന് നൽകാൻ തീരുമാനിച്ചു. എന്നാൽ, ഹേർഡ് അത് നിരസിച്ചുവെന്നും നടിയുടെ അഭിഭാഷകർ പറയുന്നു. ഡെപ്പിന്റെയും ഹേർഡിന്റെയും വിവാഹസമയത്താണ് ഈ സിനിമ ചിത്രീകരിച്ചത്. തുടർന്ന് അതിനെ 'കമ്മ്യൂണിറ്റി പ്രോപ്പർട്ടി ആസ്തി' ആക്കുകയും വരുമാനത്തിന്റെ പകുതി ഹേർഡിന് അവകാശമായി നൽകുകയും ചെയ്തു.

ഹേർഡിന്റെ നഗ്നചിത്രങ്ങൾ, പ്രണയബന്ധങ്ങൾ തുടങ്ങി ഡെപ്പിന്റെ അഭിഭാഷക സംഘം കോടതിയിൽ സമർപ്പിക്കാൻ സാധ്യതയുള്ള 'അപ്രസക്തമായ വ്യക്തിപരമായ കാര്യങ്ങളിൽ' നിന്നുള്ള തെളിവുകൾ ഉൾപ്പെടുത്തരുതെന്ന് ഹേർഡിന്റെ സംഘം ആവശ്യപ്പെട്ടതായും റിപ്പോർട്ടിലുണ്ടായിരുന്നു.

ഗാർഹിക പീഡനത്തെക്കുറിച്ച് ഹേർഡ് എഴുതിയ ലേഖനം തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്പ് മാനനഷ്ടക്കേസ് നൽകിയത്. തന്നെ വ്യക്തിഹത്യ ചെയ്യാനും സിനിമാജീവിതം തകർക്കാനും ഉദ്ദേശിച്ചുള്ളതാണ് ലേഖനമെന്ന് ആരോപിച്ച് 2019-ൽ ഡെപ്പ് കേസിനു പോയി. അഞ്ചു കോടി ഡോളറാണ് ആവശ്യപ്പെട്ടത്. ഇതിനെതിരേ 10 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ഹേഡും നൽകി.

അടുത്ത കാലത്ത് അമേരിക്കയിലുണ്ടായ ഏറ്റവും ശ്രദ്ധേയമായ സെലിബ്രിറ്റി കേസാണിത്. വിചാരണ തത്സമയം സംപ്രേഷണം ചെയ്യുക കൂടി ചെയ്തതോടെ സാമൂഹിക മാധ്യമങ്ങളിൽ സമാന്തര വിചാരണയും നടന്നു. ഡെപ്പിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഹേർഡ് കോടതിയിൽ ഉന്നയിച്ചത്. ഹ്രസ്വകാല ദാമ്പത്യത്തിലുടനീളം താൻ കടുത്ത ശാരീരിക, മാനസിക പീഡനത്തിന് വിധേയയായെന്ന് ഹേർഡ് വാദിച്ചു. ഡെപ്പ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും പറഞ്ഞു. എന്നാൽ, ഡെപ്പ് ആരോപണങ്ങളെല്ലാം തള്ളി. ഹേർഡിനെതിരേ കൂടുതൽ തെളിവുകൾ നിരത്താൻ സാധിച്ചതോടെ വിധി ഡെപ്പിന് അനുകൂലമായി. ലേഖനത്തിലെ മൂന്ന് പരാമർശങ്ങൾ വ്യക്തിഹത്യയാണെന്ന് ന്യായാധിപർ അംഗീകരിച്ചു.

ജൂൺ ഒന്നിന് ജൂറി ഡെപ്പിന് 10.35 മില്യൺ ഡോളർ നഷ്ടപരിഹാരം വിധിച്ചതോടെയാണ് കേസ് അവസാനിച്ചത്. ഹേർഡ് നൽകിയ കേസുകളിൽ ഒന്നിന് അവർക്ക് അനുകൂലമായും വിധിയെഴുതി. 2 മില്യൺ നഷ്ടപരിഹാരമാണ് ഹേർഡിന് കോടതി നൽകിയത്.