കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും ഹിമപാതം. മൗണ്ട് മനാസ്ലുവിന്റെ ബേസ് ക്യാമ്പിന് സമീപമാണ് ഹിമപാതമുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഞായറാഴ്ച ഉണ്ടായ ഹിമപാതത്തിൽ കുറച്ച് ടെന്റുകൾ നശിച്ചിട്ടുണ്ട്. വേറെ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം.

രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആകാശമാർഗത്തിലുള്ള തിരച്ചിലിന് ഹെലികോപ്ടറുകളെയും നിയോഗിച്ചിട്ടുണ്ട്. ലോകത്തിലെ എട്ടാമത്തെ വലിയ പർവതമാണ് മൗണ്ട് മനാസ്ലൂ. മാത്രമല്ല, ഏറ്റവും അപകടകരമായ അഞ്ചാമത്തെ പർവതം എന്നൊരു വിശേഷണവും ഇതിനുണ്ട്. ഇതിനകം 53 പർവതാരോഹകർക്കാണ് ഇവിടെ ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്

മനാസ്ലൂ കയറാൻ നാനൂറിൽ അധികം പേർക്കാണ് ഇക്കൊല്ലം നേപ്പാൾ സർക്കാർ അനുമതി നൽകിയിട്ടുള്ളത്. മുൻപ് സെപ്റ്റംബർ 26-നുണ്ടായ ഹിമപാതത്തിൽ ഒരു ഇന്ത്യൻ പർവതാരോഹകൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചിരുന്നു. 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അതേസമയം, ശനിയാഴ്ച കേദാർനാഥ് ക്ഷേത്രത്തിനു സമീപം ഹിമപാതമുണ്ടായിരുന്നു. രാവിലെ ആറരയോടെയായിരുന്നു സംഭവം. കേദാർ ഡോമിനും സ്വർഗാരോഹിണിക്കും ഇടയിലുള്ള ഹിമാനിയിൽനിന്ന് അടർന്ന ഭാഗമാണ് ഇവിടേക്ക് വീണത്. ക്ഷേത്രത്തിന് പിറകിലുള്ള ചോരാബാരി തടാകത്തിലേക്കായിരുന്നു ഇതുവന്നു വീണത്.