കുവൈത്ത് സിറ്റി: കാണാതായ സ്വദേശി യുവാവ് കുവൈത്തിലെ പ്രശസ്തമായ ജാബിർ പാലത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണെന്ന സംശയത്തെ തുടർന്ന് തെരച്ചിൽ. പാലത്തിൽ നിന്ന് ചാടിയതായി സംശയിക്കുന്ന യുവാവിനെ കണ്ടെത്താൻ തീരസംരക്ഷണ സേന തെരച്ചിൽ തുടരുകയാണ്.

യുവാവിന്റെ കാറും തിരിച്ചറിയൽ കാർഡും പാലത്തിന് മുകളിൽ നിന്ന് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 21കാരനായ സ്വദേശി യുവാവിനെ കാണാനില്ലെന്ന് നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നതായി സെക്യൂരിറ്റി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

ഇയാളെ കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് യുവാവിന്റെ കാറും ഐഡി കാർഡും പാലത്തിന് മുകളിൽ നിന്ന് ലഭിച്ചത്. സംഭവത്തിൽ ആത്മഹത്യക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നതിനായി തെരച്ചിൽ പുരോഗമിക്കുകയാണ്. ലോകത്തിലെ ഏറ്റവും നീളമേറിയ പാലങ്ങളിലൊന്നാണ് കുവൈത്തിലെ ശൈഖ് ജാബിർ കോസ് വേ.