റിയാദ്: ചെങ്കടലിൽ തീപിടിച്ച ചരക്കു കപ്പലിൽ നിന്നും സൗദി അതിർത്തി രക്ഷാ സേന 25 ജീവനക്കാരെ രക്ഷിച്ചു. സൗദി അറേബ്യയിലെ ജിസാൻ തുറമുഖത്തിന് വടക്കുപടിഞ്ഞാറ് ദിശയിൽ 123 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് കപ്പലിന് തീപിടിച്ചത്. ഉടൻ തന്നെ അടിയന്തര സഹായം തേടിയുള്ള സന്ദേശം കപ്പലിൽ നിന്ന് ജിദ്ദയിലെ സെർച്ച് ആൻഡ് റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിൽ ലഭിക്കുകയായിരുന്നുവെന്ന് സൗദി ബോർഡർ ഗാർഡ്‌സ് ഔദ്യോഗിക വക്താവ് കേണൽ മിസ്ഫർ അൽ ഖറിനി അറിയിച്ചു.

ജിദ്ദ സെർച്ച് ആൻഡ് റെസ്‌ക്യൂ കോർഡിനേഷൻ സെന്റർ, തീപിടിച്ച കപ്പലിന്റെ സ്ഥാനം നിർണയിച്ച ശേഷം ജിസാനിലെ കമാന്റ് ആൻഡ് കൺട്രോൾ സെന്ററിനും മറ്റ് വിഭാഗങ്ങൾക്കും അടിയന്തര സഹായം എത്തിക്കാനുള്ള സന്ദേശമയച്ചു. പനാമയുടെ പതാക വഹിച്ചിരുന്ന കപ്പലിൽ വിവിധ രാജ്യക്കാരായ 25 ജീവനക്കാരാണുണ്ടായിരുന്നത്. ഇവരെ സൗദി അതിർത്തി രക്ഷാ സേന, തീ പിടിച്ച കപ്പലിൽ നിന്ന് രക്ഷപ്പെടുത്തി സൗദി അറേബ്യയിലെ ജിസാൻ തുറമുഖത്ത് എത്തിച്ചു. പരിസരത്തുണ്ടായിരുന്ന ഒരു വിദേശ കപ്പലും രക്ഷാ പ്രവർത്തനത്തിൽ സൗദി അതിർത്തി രക്ഷാ സേനയോടൊപ്പം പങ്കാളികളായി.