റിയാദ്: സൗദി അറേബ്യയിൽ റോഡിൽ സംഘർഷം. പത്ത് പ്രവാസികളെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. സൗദിയുടെ കിഴക്കൻ പ്രവിശ്യയായ ഹഫർ അൽ ബത്തിൻ ഗവർണറേറ്റ് പൊലീസാണ് സംഘർഷത്തിൽ ഉൾപ്പെട്ടവരെ പിടികൂടിയത്. പിടിയിലായ എല്ലാവരും ബംഗ്ലാദേശ് സ്വദേശികളാണ്.

ഒരു കടയ്ക്ക് മുമ്പിൽ നടന്ന അടിപിടിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അടിപിടിക്കിടെ ഒരാളുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സൗദി പ്രസ് ഏജൻസിയെ ഉദ്ധരിച്ച് 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്തു. സംഘർഷത്തിന്റെ കാരണമോ സമയമോ വ്യകതമല്ല. അടുത്തിടെ സൗദി അറേബ്യയിൽ വിവിധ സ്ഥലങ്ങളിൽ നടന്ന സംഘർഷങ്ങളിൽ നിരവധി പേർ അറസ്റ്റിലായിരുന്നു.