- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിതാവാകുന്നതിന്റെ ആഹ്ലാദം പങ്കുവെച്ച് റഫേൽ നദാൽ; ആശംസ അറിയിച്ച് റയൽ മാഡ്രിഡും ജോക്കോവിച്ചും
മാഡ്രിഡ്: പിതാവാകുന്ന ആഹ്ലാദം പങ്കുവെച്ച സ്പാനിഷ് ടെന്നിസ് ഇതിഹാസം റഫേൽ നദാലിന് അഭിനന്ദനവുമായി സ്പാനിഷ് ഫുട്ബാളിലെ വമ്പന്മാരായ റയൽ മാഡ്രിഡും കളത്തിലെ പ്രധാന എതിരാളി നൊവാക് ജോക്കോവിച്ചും. റയൽ മാഡ്രിഡ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വാർത്ത പങ്കുവെക്കുകയും നദാലിനും ഭാര്യക്കും ആശംസ അറിയിക്കുകയും ചെയ്തു.
'ഞങ്ങളുടെ പ്രിയപ്പെട്ട ഓണററി അംഗം റഫേൽ നദാലിനും അവരുടെ ആദ്യ കുഞ്ഞിന്റെ ജനനത്തിന് മാര പെരല്ലിനും അഭിനന്ദനങ്ങൾ. നിങ്ങളോടൊപ്പം ഈ സന്തോഷ നിമിഷം പങ്കിടുന്നതിൽ ഞങ്ങളും ചേരുന്നു. എല്ലാ ആശംസകളും!' എന്നിങ്ങനെയായിരുന്നു റയൽ മാഡ്രിഡിന്റെ ആശംസ.
നദാലിന്റെ കളത്തിലെ പ്രധാന എതിരാളിയായ നൊവാക് ജോക്കോവിച്ചും അഭിനന്ദനവുമായെത്തി. അസ്താന ഓപൺ ടൂർണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറിയ ശേഷം, ജോക്കോവിച്ച് പറഞ്ഞു, 'അഭിനന്ദനങ്ങൾ! ശരിക്കും എനിക്കറിയില്ലായിരുന്നു. ഇത് മനോഹരമായ വാർത്തയാണ്. അദ്ദേഹത്തിന്റെ ഭാര്യക്കും കുഞ്ഞിനും ആരോഗ്യവും സന്തോഷവും നേരുന്നു. ഒരു പിതാവെന്ന നിലയിൽ ഞാൻ അവന് ഒരു ഉപദേശവും നൽകില്ല. അവന് ഒരു വലിയ കുടുംബമുണ്ട്. അവൻ സ്വയം അനുഭവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്', ജോക്കോവിച്ച് പറഞ്ഞു.
2019 ഒക്ടോബർ 19നാണ് സ്പാനിഷ് ദ്വീപായ മജോർക്കയിൽ നടന്ന ചടങ്ങിൽ നദാലും മരിയ പെരെല്ലോയും വിവാഹിതരായത്. 2022ൽ ആസ്ട്രേലിയൻ ഓപണും ഫ്രഞ്ച് ഓപണും സ്വന്തമാക്കിയിട്ടുണ്ട് നദാൽ. യു.എസ് ഓപണിനിടെ പരിക്കേറ്റ സ്പാനിഷ് താരം ലേവർ കപ്പ് വരെ കോർട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ലേവർ കപ്പിൽ റോജർ ഫെഡററുടെ വിടവാങ്ങൽ മത്സരത്തിൽ ഡബിൾസിൽ അദ്ദേഹത്തിന്റെ കൂട്ടാളിയായാണ് നദാൽ കളത്തിൽ തിരച്ചെത്തിയത്.
ന്യൂസ് ഡെസ്ക്