അബുദാബി: കടമായി വാങ്ങിയ പണം തിരികെ നൽകാത്ത മുൻ കാമുകനെതിരെ പരാതിയുമായി കോടതിയെ സമീപിച്ച് യുവതി. തങ്ങൾ പ്രണയത്തിലായിരുന്നപ്പോൾ യുവാവ് കടമായി വാങ്ങിയ 542,000 ദിർഹം ഇതുവരെ തിരികെ നൽകിയില്ലെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കിയത്.

ഈ പണം തിരികെ ആവശ്യപ്പെട്ട് യുവതി കേസ് ഫയൽ ചെയ്യുകയായിരുന്നു. ദീർഘകാലമായി താനും യുവാവും പ്രണയ ബന്ധത്തിൽ ആയിരുന്നെന്നും തമ്മിലുണ്ടായിരുന്ന വിശ്വാസത്തിന്റെ പേരിലാണ് പണം നൽകിയതെന്നും യുവതി പറയുന്നു.

യുവാവിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. ഇതു പരിഹരിക്കാനായി യുവതിയോട് പണം കടമായി ചോദിച്ചു. എത്രയും വേഗം പണം തിരികെ നൽകാമെന്ന ഉറപ്പും യുവാവ് നൽകിയിരുന്നു. എന്നാൽ ഇയാൾ വാക്ക് പാലിച്ചില്ലെന്ന് യുവതി ആരോപിക്കുന്നു. പണം തിരികെ ആവശ്യപ്പെട്ട് പല തവണ യുവാവിനെ ഫോൺ വിളിച്ചിരുന്നു. എന്നാൽ പിന്നീട് ഇയാൾ തന്റെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തെന്നും തുടർന്ന് സംസാരിക്കാനായില്ലെന്നും യുവതി കൂട്ടിച്ചേർത്തു.

ഇതാണ് യുവതിയെ പരാതി നൽകാൻ പ്രേരിപ്പിച്ചത്. ബാങ്ക് സ്റ്റേറ്റ്മെന്റിന്റെയും വാട്സാപ് ഉൾപ്പെടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ഇരുവരും ഇക്കാര്യം സംസാരിച്ചതിന്റെയും കോപ്പികൾ യുവതി പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്. താൻ പണം വാങ്ങിയില്ലെന്നും യുവതി സമർപ്പിച്ച കോപ്പികൾ വ്യാജമാണെന്നും പറഞ്ഞ യുവാവ് കോടതിയിൽ വെച്ച് ആരോപണം നിഷേധിച്ചു.

യുവാവ് പണം വാങ്ങിയെന്ന് തെളിയിക്കാൻ തക്കവിധമുള്ള രേഖകളൊന്നും യുവതി ഹാജരാക്കിയിട്ടില്ലെന്ന് യുവാവിന്റെ അഭിഭാഷകനും കോടതിയിൽ വാദിച്ചു. ഇരു കക്ഷികളുടെയും വാദം കേട്ട അബുദാബി ഫാമിലി ആൻഡ് സിവിൽ അഡ്‌മിനിസ്ട്രേഷൻ കോടതി, മതിയായ തെളിവുകളില്ലാത്തതിനാൽ കേസ് തള്ളുകയായിരുന്നു.