ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ഇന്ത്യൻ വംശജൻ ഋഷി സുനകിനെ അഭിനന്ദിച്ച് ബ്രിട്ടന്റെ മുൻപ്രധാനമന്ത്രി ഡേവിഡ് കാമറൂൺ. ബ്രിട്ടന്റെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഒരു ബ്രിട്ടീഷ്-ഇന്ത്യൻ എത്തുന്നുണ്ടെങ്കിൽ അത് കൺസർവേറ്റീവ് പാർട്ടിയിലൂടെ ആകുമെന്ന് താൻ പത്തുകൊല്ലം മുൻപ് പറഞ്ഞിരുന്നെന്നും ആ പ്രവചനം ഇപ്പോൾ യാഥാർഥ്യമായെന്നുമാണ് അദ്ദേഹം പറഞ്ഞത്. ട്വിറ്ററിലൂടെ ആയിരുന്നു കാമറോണിന്റെ പ്രതികരണം.

വെല്ലുവിളിയുടെ കാലത്ത് നമ്മളെ നയിക്കാനായി പ്രധാനമന്ത്രിപദത്തിലെത്തിയ ഋഷി സുനകിന് വലിയ അഭിനന്ദനങ്ങൾ. പത്തുകൊല്ലം മുൻപ് ഞാൻ പ്രവചിച്ചിരുന്നു, കൺസർവേറ്റീവുകളായിരിക്കും ആദ്യത്തെ ബ്രിട്ടീഷ്-ഇന്ത്യൻ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുകയെന്ന്. ഇന്ന് അത് സത്യമായിരിക്കുന്നു. ഋഷിക്ക് ആശംസകൾ. അദ്ദേഹത്തിന് എന്റെ ആത്മാർഥമായ പിന്തുണയുണ്ട്, കാമറൂൺ ട്വീറ്റ് ചെയ്തു.

2012 ഏപ്രിൽ മാസത്തിലായിരുന്നു, ഇന്ത്യൻവംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനത്തേക്ക് എത്തുക കൺസർവേറ്റീവ് പാർട്ടിയിലൂടെ ആകുമെന്ന് കാമറൂൺ പ്രഖ്യാപിച്ചത്. കൺസർവേറ്റീവ് ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ പാർട്ടിയിൽനിന്നാണ് ആദ്യമായി വനിതാ പ്രധാനമന്ത്രി (മാർഗരറ്റ് താച്ചർ ) ഉണ്ടായത്. യഹൂദവംശത്തിൽനിന്നൊരാളെ യു.കെ. പ്രധാനമന്ത്രിപദത്തിൽ ആദ്യമായി എത്തിച്ചതും ഞങ്ങളാണ്. ബ്രിട്ടീഷ് ഇന്ത്യൻ വംശജനെ പ്രധാനമന്ത്രിയാക്കുന്നതും കൺസർവേറ്റീവ് പാർട്ടിയാകുമെന്നാണ് ഞാൻ കരുതുന്നത്, എന്നായിരുന്നു അന്ന് കാമറോൺ പറഞ്ഞത്.