മനാമ: ബഹ്‌റൈനിൽ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രവാസിക്ക് ജീവപര്യന്തം തടവ്. 33 വയസുകാരനായ പാക്കിസ്ഥാൻ പൗരനാണ് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. 40 വയസിന് മുകളിൽ പ്രായമുള്ള കെനിയൻ സ്വദേശിനിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ഗുദൈബിയയിൽ വെച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് ആയിരുന്നു കൊലപാതകം.

കൊലപാതകം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് വിവരം പുറം ലോകം അറിഞ്ഞത്. മരണപ്പെട്ട വനിതയുടെ സുഹൃത്തുക്കളായ രണ്ട് പേർ അവരെ അന്വേഷിച്ച് അപ്പാർട്ട്‌മെന്റിലെത്തുകയും കാണാതെ വന്നപ്പോൾ സെക്യൂരിറ്റിയോട് അന്വേഷിക്കുകയുമായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി അറസ്റ്റിലായി. പെട്ടെന്നുള്ള ദേഷ്യത്തിൽ കൊലപാതകം നടത്തിയതാണെന്നായിരുന്നു ഇയാളുടെ മൊഴി.

കാമുകി തന്റെ കുടുംബാംഗങ്ങളിൽ ചിലരുടെ ഫോട്ടോകൾ, ലൈംഗിക തൊഴിലാളികളെന്ന അടിക്കുറിപ്പോടെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തെന്നും ഇതാണ് പ്രകോപനമായതെന്നും ഇയാൾ പറഞ്ഞു. തന്റെ മൊബൈൽ ഫോൺ കാമുകിക്ക് വിറ്റിരുന്നു. എന്നാൽ പിന്നീട് ഫോൺ പരിശോധിച്ച അവർ അതിൽ നിരവധി സ്ത്രീകളുടെ ഫോട്ടോകൾ കണ്ട്, അവരുമായെല്ലാം യുവാവിന് ബന്ധമുണ്ടെന്ന് ആരോപിക്കുകയായിരുന്നു.

ഇതിൽ ചില ഫോട്ടോകൾ എടുത്ത് ഇവർ ലൈംഗിക തൊഴിലാളികളാണെന്നും ആവശ്യമുള്ളവർ 15 ദിനാർ നൽകിയാൽ മതിയെന്നും അടിക്കുറിപ്പോടെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. ഇത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.