ദോഹ: യാത്രയ്ക്കിടെ വിമാനത്തിൽ ലോകകപ്പ് കാണാൻ അവസരമൊരുക്കി എത്തിഹാദ് എയർവേസ്. അബുദാബി ഹബ്ബിനും യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ലക്ഷ്യസ്ഥാനങ്ങൾക്കുമിടയിൽ പറക്കാൻ എയർലൈൻ ഉപയോഗിക്കുന്ന വൈഡ് ബോഡി എയർക്രാഫ്റ്റുകളിലാണ് തത്സമയ ടിവി സേവനം സജ്ജീകരിച്ചിരിക്കുന്നത്.

കൂടാതെ ലോകകപ്പ് ഫൈനൽ നടക്കുന്ന ഡിസംബർ 18 വരെ, ഖത്തർ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ ഗണ്യമായ വർദ്ധനവ് കണക്കിലെടുത്ത് ഇത്തിഹാദ് എയർവേയ്സ് അബുദാബിക്കും ദോഹയ്ക്കുമിടയിൽ ആറ് പ്രതിദിന സർവീസുകൾ പ്രത്യേകമായി ഓപ്പറേറ്റ് ചെയ്യും.

''തത്സമയ ഫുട്‌ബോൾ മത്സരങ്ങൾ കാണിക്കുന്നത് ഇത്തിഹാദിന്റെ വിപുലമായ ലൈവ് ടിവി സംവിധാനത്തിന്റെ ശേഷിയാണ്. ലോകമെമ്പാടുമുള്ള നിരവധി ഫുട്‌ബോൾ ആരാധകർ ആദ്യമായി ഈ മേഖലയിലേക്ക് പറക്കുന്നു, ഈ അതിഥികൾക്ക് ഞങ്ങളുടെ പ്രശസ്തമായ അറേബ്യൻ ആതിഥ്യം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,'' ഇത്തിഹാദ് എയർവേസിന്റെ ബ്രാൻഡ് ആൻഡ് മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ടെറി ഡാലി പറഞ്ഞു.

ലൈവ് ഫുട്‌ബോളിന് പുറമേ സ്ട്രീം ചെയ്യാൻ കഴിയുന്ന രണ്ട് അന്താരാഷ്ട്ര കായിക മത്സരങ്ങളാണ് നാഷണൽ ബാസ്‌കറ്റ്‌ബോൾ അസോസിയേഷനും നാഷണൽ ഫുട്‌ബോൾ ലീഗും. കൂടാതെ, തത്സമയ അന്താരാഷ്ട്ര വാർത്താ ശൃംഖലകളും ഏറ്റവും പുതിയ ഹോളിവുഡ്, ബോളിവുഡ് സിനിമകളും എത്തിഹാദിന്റെ ഇ ബോക്‌സിൽ ലഭ്യമാണ്.

എയർലൈൻ പാസഞ്ചർ എക്‌സ്പീരിയൻസ് അസോസിയേഷൻ ഇത്തിഹാദ് എയർവേസിന് മിഡിൽ ഈസ്റ്റിലെ മികച്ച വിനോദ അനുഭവത്തിനുള്ള 2022 പാസഞ്ചർ ചോയ്‌സ് അവാർഡ് നൽകിയിരുന്നു. ലോകമെമ്പാടുമുള്ള യാത്രക്കാരും 600-ലധികം എയർലൈനുകളുടെ ഏകദേശം ഒരു ദശലക്ഷം ഫ്‌ളൈറ്റുകൾ വിലയിരുത്തിയാണ് 2022ലെ പാസഞ്ചർ ചോയ്‌സ് അവാർഡ് നൽകിയത്. സീറ്റ് സൗകര്യം, ക്യാബിൻ സേവനം, ഭക്ഷണ പാനീയങ്ങൾ, വിനോദം, വൈഫൈ. എന്നിവയൊക്ക വിലയിരുത്തിയാണ് അവാർഡ് നൽകിയത്.