ടെഹ്റാൻ: ഫുട്ബോൾ ലോകകപ്പിൽ ബദ്ധവൈരികളായ അമേരിക്കയോട് പരാജയപ്പെട്ട് ഇറാൻ പുറത്തായത് സർക്കാർ വിരുദ്ധ വിഭാഗം നടത്തിയ ആഘോഷപരിപാടിക്കിടെ ഒരാൾ കൊല്ലപ്പെട്ടു. സാമൂഹ്യപ്രവർത്തകനായ മെഹ്റാൻ സമക്കാണ് കൊല്ലപ്പെട്ടത്. ഇറാനിലെ ബന്ദർ അൻസാലിയിൽ നടന്ന ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ മെഹ്റാനെ പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു.

സർക്കാർ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് സാമൂഹിക പ്രവർത്തകർ ഇറാന്റെ തോൽവി ആഘോഷിച്ചത്. ഇതിനിടെ കാറിന്റെ ഹോൺ തുടർച്ചയായി അടിച്ചുകൊണ്ട് മെഹ്റാൻ ആഘോഷത്തിൽ പങ്കാളിയായി. ഇതേത്തുടർന്നാണ് മെഹ്റാനെ പൊലീസ് വെടിവെച്ചുകൊന്നതെന്ന് ബി.ബി.സി. റിപ്പോർട്ട് ചെയ്തു. തലയിൽ വെടികൊണ്ട മെഹ്റാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഖത്തർ ലോകകപ്പിൽ ടീമിനെ പിന്തുണയ്ക്കാൻ ഇറാനിയൻ ആരാധകർ വിമുഖത കാണിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് ബിയിലെ ആദ്യ പോരാട്ടത്തിൽ ഇറാൻ ഫുട്ബോൾ ടീം സർക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മത്സരത്തിനിടെ ദേശീയഗാനം ആലപിച്ചിരുന്നില്ല. എന്നാൽ വെയ്ൽസിനെതിരായ രണ്ടാം മത്സരത്തിൽ ഇറാൻ മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിച്ചു. ഇതാണ് ഇറാൻ ആരാധകരെ ചൊടിപ്പിച്ചത്. ഫുട്ബോൾ ടീം സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം.