രു തലമുറയിൽ ഒരിക്കൽ മാത്രം വരുന്നത്ര തീവ്രമായ മഞ്ഞുവീഴ്‌ച്ചയാണ് അമേരിക്ക ഇപ്പോൾ അഭിമുഖീകരിക്കുന്നത്. കൊടുങ്കാറ്റിന്റെ തീവ്രതയോടെയുള്ള കാറ്റും, കനത്ത ഹിമവാതവും കൂടി ആയപ്പോൾ നിരവധി വിമാന സർവ്വീസുകളാണ് റദ്ദാക്കപ്പെട്ടത്. ഏകദേശം അഞ്ച് ലക്ഷം വീടുകൾ വൈദ്യൂതിയില്ലാതെ ഇരുട്ടിലാവുകയും ചെയ്തു.

ബോംബ് സൈക്ലോൺ കൂടുതൽ ശക്തിപ്രാപിച്ചതോടെ പല മിഡ് വെസ്റ്റ് സ്റ്റേറ്റുകളിലേയും താപനില ചൊവ്വാ ഗ്രഹത്തിലെ താപനിലയേക്കാൾ താഴ്ന്നു. ക്രിസ്ത്മസ്സിന് ദിവസങ്ങൾക്ക് മുൻപ് മാത്രം ആഞ്ഞടിക്കാൻ തുടങ്ങിയ ആർക്ടിക് കൊടുങ്കാറ്റ് തകർത്തെറിഞ്ഞത് ലക്ഷക്കണക്കിന് ആളുകളുടെ ഒഴിവുകാല ആഘോഷങ്ങൾ കൂടിയാണ്. ഇപ്പോൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുന്നറിയിപ്പ് നിലനിൽക്കുകയാണ്.

നിലവിൽ അമേരിക്കൻ ഐക്യനാടുകളുടെ മൂന്നിൽ രണ്ട് ഭാഗത്താണ് വിന്റർ വെതർ അലർട്ട് നിലനിൽക്കുന്നത്. മഞ്ഞുവീഴ്‌ച്ച കനത്തതോടെ വിമാന സർവ്വീസുകൾ പലതും റദ്ദ് ചെയ്തു കഴിഞ്ഞു. വർഷത്തിലെ ഏറ്റവും തിരക്കേറിയ വാരാന്ത്യത്തിലാണ് വിമാന സർവ്വീസുകൾ റദ്ദ് ചെയ്യേണ്ടതായി വന്നത്. വെള്ളിയാഴ്‌ച്ച മാത്രം 3100 വിമാനങ്ങൾ റദ്ദ്‌ചെയ്തു എന്നാണ് ഫ്ളൈറ്റ് അവയർ നൽകുന്ന കണക്ക്.

10,000 ൽ അധികം വിമാന സർവീസുകൽ വൈകി. കൊടുങ്കാറ്റ് അവസാനിച്ചാലും, അതിന്റെ പ്രഭവം കുറച്ച് സമയത്തേക്ക് കൂടി നിലനിൽക്കും. കനത്തിൽ ഐസ് മൂടിയതിനാൽ സിയാറ്റിൽ-ടാകോം വിമാനത്താവളത്തിലെ റൺവേകൾ വെള്ളിയാഴ്‌ച്ച മുതൽ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. നിരത്തുകൾ മഞ്ഞു മൂടിയതിനാൽ റോഡുമാർഗ്ഗമുള്ള യത്രയിലും കരുതലെടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

അമേരിക്കൻ ജനസംഖ്യയുടെ 60 ശതമാനത്തോളം പേർ ഏതെങ്കിലും വിധത്തിലുള്ള ശൈത്യകാല ദുരിതങ്ങൾ അനുഭവിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പലർക്കും ക്രിസ്ത്മസ് കാലത്ത് പ്രിയപ്പെട്ടവരോടൊപ്പം ആഘോഷിക്കാൻ ആകാത്ത സാഹചര്യവുമുണ്ട്. ഉൾക്കടൽ തീരത്തുള്ള ടെക്സാസ്, ലൂസിയാന, അലബാമ, ഫ്ളോറിഡ സംസ്ഥാനങ്ങളിൽ അതിശൈത്യം ഉണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്. മറ്റൊരു ആർക്ടിക് വാതത്തിന്റെ ഫലമായി കനത്ത മഞ്ഞുവീഴ്‌ച്ചക്കും സാധ്യതയുണ്ട്.

വെള്ളിയാഴ്‌ച്ച രാത്രിയോടെ തന്നെ വാഷിങ്ടൺ മുതൽ ഫ്ളോറിഡ വരെയുള്ള 48 സംസ്ഥാനങ്ങളിൽ താപനില കുത്തനെ താഴാൻ തുടങ്ങി. കനത്ത കാറ്റുമൂലം ടെക്സാസ്, ഒക്ലഹോമ, മിസൗറി, ടെന്നിസ്സീ, മിസ്സിസ്സിപ്പി, ലൂസിയാന എന്നിവിടങ്ങളിൽ പലയിടത്തും വൈദ്യൂതി വിതരണവും തടസ്സപ്പെട്ടു. വെള്ളിയാഴ്‌ച്ച ഉറക്കമുണർന്ന ഓഹിയോ നദീതടവാസികൾ കണ്ടത് വീടിനു ചുറ്റും ഉയർന്ന് നിൽക്കുന്ന മഞ്ഞുമലകളായിരുന്നു.