ദുബായ്: തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന ദമ്പതികളുടെ ചിത്രങ്ങളും വീഡിയോയും രഹസ്യമായി പകർത്തിയ പ്രവാസി യുവാവിന് ജയിൽശിക്ഷ. ദുബായിലാണ് സംഭവം. 26കാരനായ പ്രവാസിക്കാണ് ക്രിമിനൽ കോടതി രണ്ടു മാസത്തെ ജയിൽ ശിക്ഷ വിധിച്ചത്.

ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്തും. ദമ്പതികളുടെ സ്വകാര്യതയിൽ കടന്നുകയറിയതും അനധികൃതമായി ദൃശ്യങ്ങൾ പകർത്തിയതുമാണ് പ്രതിക്കെതിരെ ചുമത്തിയ കുറ്റം.

താമസസ്ഥലത്തെ മറ്റൊരു മുറിയിൽ ഉറങ്ങിക്കിടന്ന ദമ്പതികളുടെ ദൃശ്യങ്ങളും ചിത്രങ്ങളും, മുറികൾ തമ്മിൽ വേർതിരിച്ചിരുന്ന തടികൊണ്ട് നിർമ്മിച്ച ഭിത്തിയിലെ ചെറിയ ദ്വാരം വഴിയാണ് പ്രതി എടുത്തത്. ഭർത്താവാണ് ഭിത്തിയിലെ ദ്വാരത്തിൽ ഒരു മൊബൈൽ ഫോൺ സ്ഥാപിച്ചതായി കണ്ടെത്തിയത്.

തുടർന്ന് പ്രതിയുടെ പക്കൽ നിന്നും ഇത് കൈവശപ്പെടുത്തുകയും വിവരം ഉടൻ പൊലീസിൽ അറിയിക്കുകയുമായിരുന്നു. 25 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെടുത്തു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അവിടെ നിന്നും കേസ് കോടതിയിലെത്തുകയായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ദമ്പതികൾ ഒരു ഷെയേർഡ് റെസിഡൻസിലാണ് താമസിച്ചിരുന്നത്. ഇവിടെ മറ്റൊരു മുറിയിലാണ് പ്രതിയായ യുവാവ് താമസിച്ചിരുന്നത്. തങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെട്ടതായി യുവതിയുടെ ഭർത്താവ് പരാതിപ്പെടുകയായിരുന്നു. ഇവർ താമസിച്ചിരുന്ന വീട്ടിലെ മുറികൾ തടികൊണ്ട് നിർമ്മിച്ച ഭിത്തി ഉപയോഗിച്ചാണ് വേർതിരിച്ചിരുന്നത്.