- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇറാൻ പ്രക്ഷോഭത്തിന് കരുത്ത് പകർന്ന് രാജ്യാന്തര വനിതാ ചെസ് താരം; കസഖ്സ്ഥാനിൽ നടക്കുന്ന മത്സരത്തിൽ ഹിജാബ് ധരിക്കാതെ പ്രതിഷേധിച്ച് സാറാ കദം: പ്രക്ഷോഭത്തെ പിന്തുണച്ച ഫുട്ബോൾ താരത്തിന്റെ ഭാര്യയും മകളും നാടുവിടുന്നത് തടഞ്ഞ് സർക്കാർ
ടെഹ്റാൻ: ഇറാനിലെ ഹിജാബ് പ്രക്ഷോഭത്തിന് കരുത്ത് പകർന്ന് രാജ്യാന്തര വനിതാ ചെസ് താരം. അന്താരാഷ്ട്ര മത്സരങ്ങളിലെ സാന്നിധ്യമായ സാറ കദം (25) ആണ് ഹിജാബ് ധരിക്കാതെ മത്സരത്തിൽ പങ്കെടുത്ത് പ്രതിഷേധം രേഖപ്പെടുത്തിയത്. കസഖ്സ്ഥാനിൽ നടക്കുന്ന ഫിഡെ ലോക ചെസ് ചാംപ്യൻഷിപ്പിൽ സാറ ശിരോവസ്ത്രം ധരിക്കാതെ മത്സരിക്കുന്ന ചിത്രം ഇറാനിലെ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. സാറ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. രാജ്യാന്തര തലത്തിൽ 804 റാങ്ക് ആണ് സാറയ്ക്കുള്ളത്.
ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി (22) മരിച്ചതിനെ തുടർന്ന് വനിതകൾ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സാറ ശിരോവസ്ത്രം ഉപേക്ഷിച്ചത്. നിരവധി താരങ്ങളാണ് ഈ സമരത്തിന് പിന്തുണയുമായി ഇതുവരെ രംഗത്തെത്തിയിട്ടുള്ളത്. അതേസമയം ശിരോവസ്ത്രത്തിനെതിരെ വനിതകളുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രക്ഷോഭം 100 ദിവസം പിന്നിട്ടു.
അതിനിടെ, രാജ്യാന്തര ഫുട്ബോൾ താരം അലി ദേയിയുടെ (53) ഭാര്യയും മകളും രാജ്യം വിടാൻ ശ്രമിച്ചെങ്കിലും ഇറാൻ സർക്കാർ തടഞ്ഞു. പ്രക്ഷോഭത്തെ പിന്തുണച്ച വ്യക്തിയാണ് അലി ദേയി. ദുബായിൽ തന്നോടൊപ്പം ചേരാൻ ടെഹ്റാനിൽ നിന്ന് ഇവർ കയറിയ വിമാനം ഇറാന്റെ ഭാഗമായ കിഷ് ദ്വീപിലിറക്കുകയും ഇരുവരെയും വിമാനത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി അലി ദേയി പറഞ്ഞു.
പ്രക്ഷോഭകരോട് ഒരു ദാക്ഷിണ്യവും കാണിക്കില്ലെന്ന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി ടെഹ്റാനിൽ പറഞ്ഞു. മുൻപും കായികതാരങ്ങളാണ് പ്രക്ഷോഭത്തെ പരസ്യമായി പിന്തുണച്ചത്. അതുകൊണ്ട് തന്നെ പല താരങ്ങളും കുടുംബവുമായി നാടുവിടാനുള്ള ശ്രമത്തിലാണ്. ഇതും സർക്കാർ തടയുന്നുണ്ട്. ഒക്ടോബറിൽ ദക്ഷിണ കൊറിയയിൽ നടന്ന കായികമേളയിൽ ക്ലൈംബിങ് വിഭാഗത്തിൽ എൽനാസ് റെഖാബി (33) ശിരോവസ്ത്രം ധരിക്കാതെ പങ്കെടുത്തു. ദോഹയിൽ ലോകകപ്പ് മത്സരത്തിൽ ദേശീയഗാനം ആലപിക്കാതെയാണ് ഫുട്ബോൾ ടീം പ്രതിഷേധിച്ചത്.