റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വ്യക്തിഗത ഹജ്ജ് വിസ സേവനം ഉടൻ തുടങ്ങുമെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴിയോ, നുസുക് ആപ്ലിക്കേഷൻ വഴിയോ വിസക്ക് അപേക്ഷിക്കാൻ സൗകര്യമൊരുക്കും. ബ്രിട്ടൻ, ടുണീഷ്യ, ബംഗ്ലാദേശ്, മലേഷ്യ, കുവൈറ്റ് എന്നീ അഞ്ച് രാജ്യങ്ങളിലുള്ളവർക്ക് ഇലക്ട്രേണിക് രീതിയിൽ ബയോ മെട്രിക് സംവിധാനത്തിലൂടെ വിസ ലഭ്യമാക്കുന്ന സേവനം ആരംഭിക്കുന്നതിനും മന്ത്രാലയം ശ്രമമാരംഭിച്ചു.

വിദേശകാര്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്ത സ്മാർട്ട്‌ഫോണുകൾ വഴിയാണ് ഈ സേവനം ലഭ്യമാക്കുക. കോവിഡ് ചികിത്സയുൾപ്പെടെ ഹജ്ജ് ഉംറ തീർത്ഥാടകർക്ക് മെഡിക്കൽ സേവനം നൽകുന്നതിനായി പുതിയ സമഗ്ര ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുവാനും മന്ത്രാലയത്തിന് നീക്കമുണ്ട്.

തീർത്ഥാടകരുടെ ഹോട്ടൽ റിസർവേഷനുകൾ, ഗതാഗതം തുടങ്ങിയ മുഴുവൻ സേവനങ്ങളും ഇല്‌ക്ടോണിക് രീതിയിലേക്ക് മാറ്റുവാനുള്ള ശ്രമത്തിലാണ് മന്ത്രാലയം. കഴിഞ്ഞ വർഷം 70 ലക്ഷം തീർത്ഥാടകർക്ക് മന്ത്രാലയം സേവനങ്ങൾ നൽകിയിട്ടുണ്ട്. ഇതിൽ 40 ലക്ഷം പേർ വിദേശ രാജ്യങ്ങളിൽ നിന്നും ഉംറ വിസയിൽ എത്തിയവരാണെന്നും മന്ത്രാലയം വിശദീകരിച്ചു.