ദോഹ: ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്ക് ഖത്തർ വേദിയായത് ഗൾഫ് മേഖലയിലെ വിനോദസഞ്ചാരമേഖലയ്ക്ക് കരുത്തേകിയതായി റിപ്പോർട്ട്. ഖത്തർ കഴിഞ്ഞാൽ യുഎഇയാണ് ലോകകപ്പ് കാലത്ത് വിനോദ സഞ്ചാരമേഖലയിൽ വലിയ നേട്ടമുണ്ടാക്കിയത്.

അറബ് ഗൾഫ് സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച്ച് ആണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്. ഖത്തർ വേദിയായ ലോകകപ്പ് ടൂർണമെന്റ് സമയത്ത് 25 ലക്ഷത്തിലധികം ആളുകളാണ് മേഖല സന്ദർശിച്ചത്. ആതിഥേയരായ ഖത്തറിന് പുറമെ യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും വിനോദ സഞ്ചാര മേഖലയിൽ ഗുണഭോക്താക്കളായി മാറി.

ടൂറിസം വരുമാനത്തിലും മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ അതിന്റെ സംഭാവനയിലും ഗൾഫ് രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇയാണ് ഒന്നാമത്. യു.എ.ഇയുടെ ജി.ഡിപിയിലേക്കുള്ള ടൂറിസം മേഖലയുടെ പങ്ക് 11.6 ശതമാനമാണ്. 6.8 ശതമാനവുമായി ബഹ്‌റൈനാണ് മൂന്നാമത്. 5.3 ശതമാനവുമായി സൗദി അറേബ്യ നാലാമതെത്തിയപ്പോൾ, 3.3 ശതമാനമാണ് കുവൈത്തിനും ഒമാനുമുള്ളത്.