റിയാദ്: സൗദി വനിതകളെ വിവാഹം കഴിക്കുന്നവർക്ക് പൗരത്വം നൽകാമെന്ന് സൗദി ഭരണകൂടം. കർശന ചട്ടങ്ങൾ പാലിക്കുന്നവർക്ക് ഇതനുസരിച്ച് പൗരത്വം നൽകും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനാണ് ഭേദഗതിക്ക് അനുമതി നൽകിയത്.

സൗദി സ്ത്രീകളെ വിവാഹം കഴിച്ച് സൗദിയിൽ കഴിയുന്നവർക്ക് ആശ്വാസമാകുന്നതാണ് ഉത്തരവ്. അയൽ രാജ്യങ്ങളിൽനിന്നുൾപ്പെടെ സൗദി വനിതകളെ വിവാഹം കഴിച്ചവർ വർഷങ്ങളായി രാജ്യത്താണ് കഴിയുന്നത്. ചട്ടങ്ങൾ പാലിച്ചവരാണെങ്കിൽ ഇവർക്ക് പൗരത്വം ലഭിക്കും. പൗരത്വ അപേക്ഷ നൽകാനുള്ള പ്രധാന നിബന്ധനകൾ ഇവയാണ്. 1-അപേക്ഷകന് സൗദി ഇഖാമ അഥവാ താമസരേഖ ഉണ്ടാകണം. 2- പത്ത് വർഷം സൗദിയിൽ പൂർത്തിയാക്കിയിരിക്കണം. 3- പെരുമാറ്റ ദൂഷ്യത്തിനോ ക്രിമിനൽ നടപടിക്കോ കേസുള്ള ആളാകരുത്. 4- ആറ് മാസത്തിലേറെ ഏതെങ്കിലും കേസിൽ ജയിലിൽ കഴിഞ്ഞവരാകരുത്. 5- അറബി ഭാഷ നന്നായി സംസാരിക്കാൻ കഴിയണം. 6- രാജ്യത്തിനാവശ്യമായ തൊഴിൽ ചെയ്യുന്നയാളാകണം. ഇത്രയും പാലിച്ചാൽ മതി, സൗദിയിൽ പൗരത്വം ലഭിക്കും.

ഇവരുടെ മക്കൾക്ക് പ്രായപൂർത്തിയാകുന്ന മുറക്കും പൗരത്വം നൽകും. സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാനാണ് ഉത്തരവിറക്കിയത്. പൗരത്വം നേടുന്നതിന് മുന്നേ പിതാവ് മരണപ്പെട്ടു പോയാലും മക്കൾക്ക് പ്രായപൂർത്തിയാകുന്ന മുറക്ക് പൗരത്വം ലഭിക്കും.