ബഗ്ദാദ്: ഇറാഖും ഒമാനും തമ്മിലെ ഗൾഫ് കപ്പ് ഫുട്ബാൾ ഫൈനലിന് മുമ്പ് സ്റ്റേഡിയത്തിന് മുന്നിലുണ്ടായ തിക്കിലും തിരക്കിലും രണ്ടുപേർ മരിച്ചു. 80ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഏതാനും പേരുടെ നില ഗുരുതരമാണ്. ബസ്‌റയിലെ സ്‌റ്റേഡിയത്തിന് മുന്നിലാണ് ആരാധകർ തിക്കിത്തിരക്കി അപകടമുണ്ടാക്കിയത്. ടിക്കറ്റില്ലാത്ത ആയിരങ്ങൾ സ്റ്റേഡിയത്തിനുപുറത്ത് തടിച്ചുകൂടിയിരുന്നു.

പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി ഏഴ് മണിക്കായിരുന്നു ഫൈനൽ. മത്സരം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ ആരാധർ ഇവിടെ തടിച്ച് കൂടിയിരുന്നു. ഇതിനിടെ കാണികൾ ഗ്രൗണ്ടിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തെ തുർന്ന് ഒമാനിൽനിന്നുള്ള ആരാധകർക്ക് വേണ്ടി ഏർപ്പെടുത്തിയഒമാൻ എയറിന്റെ പ്രത്യേക സവിസ് അധികൃതർ റദ്ദാക്കി.