- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇൻസ്റ്റഗ്രാം വഴി സൗഹൃദത്തിലായി; വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു'; 24കാരിയുടെ പരാതിയിൽ പി എസ് ജി താരം അഷ്റഫ് ഹക്കീമിക്കെതിരെ കേസ്; ബലാൽസംഗക്കുറ്റം ചുമത്തി
പാരിസ്: പാരിസ് സെന്റ് ജെർമെയ്ന്റെ പ്രതിരോധ നിരക്കാരനും മൊറോക്കൊയുടെ ലോകകപ്പ് ഹീറോയുമായ അഷ്റഫ് ഹക്കീമിക്കെതിരായ ലൈംഗിക പീഡന ആരോപണത്തിൽ കേസെടുത്തു. താരത്തിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി. വ്യാഴാഴ്ച താരത്തെ ചോദ്യം ചെയ്തതിന് ശേഷമാണ് ഫ്രഞ്ച് പ്രോസിക്യൂട്ടർ ബലാൽസംഗക്കുറ്റം ചുമത്തിയത്.
വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന 24കാരിയുടെ പരാതിയെ തുടർന്ന് അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രഞ്ച് പ്രോസിക്യൂട്ടറുടെ നിർദ്ദേശാനുസരണം 24കാരനായ താരത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
എന്നാൽ വെള്ളിയാഴ്ച രാവിലെ പിഎസ്ജിക്കായി താരം പരിശീലനത്തിനിറങ്ങിയിരുന്നുവെന്നും ഫ്രഞ്ച് മാധ്യമമായ എഎഫ്പി റിപ്പോർട്ട് ചെയ്തു.തിങ്കളാഴ്ച പാരിസിൽ വെച്ച് നടന്ന ഫിഫ ബെസ്റ്റ് അവാർഡ് ദാന ചടങ്ങിൽ ഹക്കീമി പങ്കെടുത്തിരുന്നു. കഴിഞ്ഞ വർഷത്തെ മികച്ച ഇലവനിലും ഹക്കീമി ഇടംനേടി.
പരാതിക്ക് പിന്നാലെ ഹക്കീമിയെ കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടർ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. ഇതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഹക്കീമി പൊലീസ് നിരീക്ഷണത്തിലായിരിക്കും. പരാതിക്കാരിയായ യുവതിയുമായി സമ്പർക്കം പുലർത്തുന്നതിനും താരത്തിന് വിലക്കുണ്ട്. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെത്തിയാണ് യുവതി പീഡന വിവരം അറിയിച്ചത്. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സ്വമേധയാ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
വീട്ടിലേക്ക് വിളിച്ചുവരുത്തി ഹക്കീമി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. പൊലീസ് നൽകിയ വിവരത്തെ തുടർന്ന് ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പാരീസ് നഗരപ്രാന്തമായ നാന്ററെയിലെ പ്രോസിക്യൂട്ടറുടെ ഓഫീസാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തുന്നത്.
ഈ മാസം 25നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫ്രഞ്ച് നഗരമായ ബുലോയ്നിലുള്ള ഹകീമിയുടെ വീട്ടിൽ വച്ചാണ് ലൈംഗിക പീഡനം നടന്നതെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു. താരത്തിന്റെ കുടുംബാംഗങ്ങൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. ഫ്രഞ്ച് മാധ്യമമായ 'ലെ പാരിസിയൻ' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുവതിയുടെ എതിർപ്പ് വകവെക്കാതെ താരം ചുണ്ടിലും രഹസ്യഭാഗങ്ങളിലും ചുംബിച്ചെന്നും ആരോപണമുണ്ട്.
എന്നാൽ സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പരാതി നൽകാൻ യുവതി തയ്യാറായില്ല. ഹക്കീമി പീഡിപ്പിച്ചതായി യുവതി പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ തനിക്ക് പരാതിയില്ലെന്നും ഇവർ അറിയിച്ചു. പൊലീസ് വിവരം പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറുകയായിരുന്നു.
ഇൻസ്റ്റഗ്രാം വഴി ഹക്കീമിയും പരാതിക്കാരിയായ യുവതിയും തമ്മിൽ സൗഹൃദമുണ്ടായിരുന്നുവെന്ന് സ്പാനിഷ് മാധ്യമമായ 'മാഴ്സ' റിപ്പോർട്ട് ചെയ്തു. വീട്ടുകാർ സ്ഥലത്തില്ലാതിരുന്ന സമയത്ത് ഹക്കീമി, യുവതിയോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് താരം ബുക്ക് ചെയ്ത 'ഊബർ' കാറിലാണ് യുവതി വീട്ടിലെത്തിയതെന്ന് 'മാഴ്സ' റിപ്പോർട്ടിൽ പറയുന്നു.
യുവതിയെ അകത്തുകയറിയ ഉടൻ ഹക്കീമി അവരെ കടന്നുപിടിക്കുകയും, രഹസ്യഭാഗങ്ങളിൽ സ്പർശിക്കുകയും ചുംബിക്കുകയും ചെയ്തു. ഇതോടെ യുവതി കരഞ്ഞുകൊണ്ട് വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് യുവതി അവിടനിന്ന് മടങ്ങിയത്. ഞായറാഴ്ച പൊലീസ് സ്റ്റേഷനിലെത്തി സംഭവത്തെക്കുറിച്ച് മൊഴി നൽകുകയും ചെയ്തു. പ്രോസിക്യൂട്ടറുടെ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ ഹക്കീമിയുടെ ക്ലബ് കരിയറിനെ അത് സാരമായി ബാധിച്ചേക്കുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചരിത്രത്തിലാദ്യമായി ഒരു ആഫ്രിക്കൻ രാജ്യം ലോകകപ്പ് സെമിയിലേക്ക് മുന്നേറുകയെന്ന ചരിത്രം മൊറോക്കോ ഖത്തർ രചിച്ചപ്പോൾ അതിന്റെ അമരക്കാരനായി ഹക്കീമി ഉണ്ടായിരുന്നു. പിഎസ്ജിയിലെയും നിർണായക താരമാണ് ഹക്കീമി.
ന്യൂസ് ഡെസ്ക്