ലണ്ടൻ: സഹപ്രവർത്തകക്ക് നേരെ വംശീയ വിദ്വേഷത്തോടെ പരാമർശം നടത്തി എന്ന് ആരോപിച്ച് ഇന്ത്യയിൽ നിന്നെത്തിയ ഒരു വനിത ഡോക്ടറെ ഒരു ട്രിബ്യുണൽ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഹിയർഫോർഡ് കൗണ്ടി ആശുപത്രിയിലെ ഡോക്ടർ കൊലാതോർ ഈശ്വരിയേയാണ് സസ്പെൻഡ് ചെയ്തത്. ഇസ്ലാം മത വിശ്വാസിയായ സഹപ്രവർത്തകയെ വംശത്തിന്റെയും മതത്തിന്റെയും മുൻവിധിയോടെ ആക്ഷേപിച്ചു എന്നാണ് പരാതി.

എന്നാൽ ഡോ. ഈശ്വരി ഈ ആരോപണം പാടെ നിഷേധിക്കുകയാണ്. തനിക്ക് മേൽ ആരോപിക്കപ്പെട്ട കുറ്റം ശരിയല്ല എന്ന് അവർ പറയുന്നു. അതേസമയം മനസ്സറിയാതെ ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ അതിൽ ഖേദിക്കുന്നു എന്നും അവർ പറഞ്ഞു. ഡോക്ടർ എ എന്നു മാത്രം പേര് പുറത്തുവിട്ടിട്ടുള്ള വാദി, കേസ് വിചാരണ നടന്ന ഫെബ്രുവരി 27 നും മാർച്ച് 2 നും ട്രിബ്യുണലിൽ എത്തിയിരുന്നു.

താൻ 2019- ലാണ് പാക്കിസ്ഥാനിൽ നിന്നും ഇന്റർനാഷണൽ ട്രെയിനിങ് ഫെല്ലോ ആയി ഹിയർഫോർഡിൽ എത്തിയതെന്ന് അവർ പറഞ്ഞു. തനിക്ക് ഹോസ്പിറ്റലുകാർ അനുവദിച്ച താമസസ്ഥലത്തേക്ക് മാറിയപ്പോൾ ഡോക്ടർ ഈശ്വരിക്ക് തന്നെ സ്വയം പരിചയപ്പെടുത്തി എന്നും പക്ഷെ ഈശ്വരി തന്റെ പേരുപോലും പറയാൻ വിസമ്മതിച്ചു എന്നും അവർ പറഞ്ഞു.

തുടർന്നുള്ള കശപിശകളിൽ ഒന്നിലധികം തവണ ഈശ്വരി പോർക്ക് സോസേജ് എന്ന വാക്ക് ഉപയോഗിച്ചു എന്നും അത് തന്നെ അപമാനിക്കുവാൻ ആയിരുന്നെന്നും അവർ ആരോപിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ലെന്നും, ആ ദേഷ്യമാണ് ഈശ്വരി പ്രകടിപ്പിച്ചതെന്നും അവർ പറയുന്നു.

താൻ കൈവശം ഉണ്ടായിരുന്ന മിനറൽ വാട്ടർ കുപ്പിയിൽ നിന്നും അല്പം കെറ്റിലിലെക്ക് ഒഴിച്ചപ്പോൾ, ''നിന്റെ വൃത്തികെട്ട വെള്ളം കൊണ്ട് കെറ്റിൽ വൃത്തികേടാക്കരുത്'''' എന്ന് തന്റെ നേരെ ഈശ്വരി ആക്രോശിച്ചു എന്നും ഡോക്ടർ എ ട്രിബ്യുണലിൽ അറിയിച്ചു. അതേസമയം., ഡോക്ടർ എ താമസിക്കാൻ എത്തിയ സമയത്ത് താൻ അടുക്കളയിൽ തിരക്കിലായിരുന്നു എന്ന് ഈശ്വരി പറഞ്ഞു. എന്നാൽ, താൻ തന്റെ പേര് വെളിപ്പെടുത്തിയില്ല എന്ന ആരോപണം അവർ നിഷേധിച്ചു.

താൻ പൊതു ഫ്രിഡ്ജിൽ സോസേജ് തിരയുകയായിരുന്നു എന്നും അതിനിടയിൽ സ്വയം സോസേജ് എവിടെയാണ് വച്ചിരിക്കുന്നത് എന്ന് ചോദിക്കുകയായിരുന്നു എന്നുമാണ് ഈശ്വരി കോടതിയിൽ വാദിച്ചത്. മാത്രമല്ല, പാതിമാത്രം വെള്ളമുള്ള കുപ്പിയിലെ വെള്ളമായിരുന്നതിനാൽ, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം എന്ന് കരുതിയാണ് കെറ്റിലിലെ വെള്ളം കമഴ്‌ത്തി കളഞ്ഞത് എന്നും അവർ പറഞ്ഞു. അതിനു ശേഷം താൻ തന്നെ അതിൽ ടാപ്പ് വാട്ടർ നിറച്ചുകൊടുത്തു എന്നും അവർ പറഞ്ഞു.

ആദ്യമായി കണ്ട നേരത്തെ അഭിവാദ്യവുമായി ബന്ധപ്പെട്ട ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും മറ്റ് ആരോപണങ്ങൾ നിലനിൽക്കുന്നു എന്നായിരുന്നു ട്രിബ്യുണലിന്റെ കണ്ടെത്തൽ. പോർക്കി സോസേജ് എന്ന പദം ഉപയോഗിച്ചിരിക്കാനാണ് കൂടുതൽ സാധ്യത എന്നായിരുന്നു ട്രിബ്യുണൽ വിലയിരുത്തിയത്. തന്റെ പുതിയ സഹപ്രവർത്തക മുസ്ലിം ആണെന്നോ പാക്കിസ്ഥാനിൽ നിന്നാണെന്നോ തനിക്കറിയില്ലായിരുന്നു എന്ന ഈശ്വരിയുടെ വാദവും ട്രിബ്യുണൽ മുഖവിലയ്ക്കെടുത്തില്ല.

ഡോ. ഈശ്വരി അധിക്ഷേപം നടത്തി എന്നു തന്നെയായിരുന്നു ട്രിബ്യുണലിന്റെ കണ്ടെത്തൽ. അതിന്റെ ശിക്ഷയായി ആറുമാസക്കാലത്തേക്ക് അവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യുണൽ ആണ് വിധി പ്രസ്താവിച്ചിരിക്കുന്നത്.