ചെന്നൈ: ശ്രീലങ്കയിൽ നടന്ന പന്തയത്തിൽ പറത്തിവിട്ട പ്രാവ് വഴിതെറ്രി രാമേശ്വരത്തെത്തി. രാമേശ്വരത്തെ മത്സ്യബന്ധന ബോട്ടിൽ അഭയംതേടിയ പ്രാവിനെ അരസപാംണ്ടി എന്നയാൾക്കാണ് ലഭിച്ചത്. കടലിൽ മീൻപിടിക്കുകയായിരുന്ന അരസപാണ്ടിയുടെ ബോട്ടിലെത്തിയ പ്രാവിനെ അയാൾ രാമേശ്വരത്തെ കാരയൂർ സ്വദേശി രഘുവിനു കൈമാറി. പ്രാവിന്റെ കാലിൽ ഘടിപ്പിച്ച ചെറിയ തകിടിൽ എസ്. സുതൻ, ജാഫ്‌ന എന്ന പേരും മൊബൈൽ നമ്പറും ഉണ്ടായിരുന്നു. ഈ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ജാഫ്നയിലെ മത്സരത്തിൽ 30 പ്രാവുകളെ പറത്തിയെന്നും 27 എണ്ണം മാത്രമാണ് തിരിച്ചെത്തിയതെന്നും മറുപടി ലഭിച്ചു.

16-ന് ജാഫ്നയിൽനടന്ന പന്തയത്തിൽ പറത്തിവിട്ട പ്രാവുകളിലൊന്നാണ് വഴിതെറ്റി ഇന്ത്യയിലെത്തിയത്. അരസപാണ്ടിയുടെ ബോട്ടിൽ അഭയംപ്രാപിച്ച പ്രാവിന് 300 കിലോമീറ്റർ തുടർച്ചയായി പറക്കാൻ കഴിയുമത്രേ. ഇത്തരം പ്രാവിന് ശ്രീലങ്കയിൽ ഒരുലക്ഷം രൂപവരെ വിലയുണ്ടെന്നും സുതൻ രഘുവിനെ അറിയിച്ചു. മീൻപിടിക്കാനായി വീണ്ടും കടലിൽ പോകുമ്പോൾ പ്രാവിനെ കൂടെക്കൊണ്ടുപോയി ശ്രീലങ്കൻ അതിർത്തിയിൽ എത്തിക്കാനാണ് പദ്ധതിയെന്ന് രഘു പറഞ്ഞു.