കുവൈത്ത് സിറ്റി: കുവൈത്തിലെ ശൈഖ് ജാബിർ പാലത്തിന് മുകളിൽ നിന്ന് കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി. ബുധനാഴ്ചയാണ് ശൈഖ് ജാബിർ പാലത്തിൽ നിന്ന് യുവതി താഴേക്ക് ചാടിയത്. വിവരം ലഭിച്ചതനുസരിച്ച് ഫയർ ആൻഡ് മറൈൻ റെസ്‌ക്യൂ വിഭാഗത്തിൽ നിന്നുള്ള രക്ഷാപ്രവർത്തകർ ഉടൻ തന്നെ സ്ഥലത്തെത്തി യുവതിക്കായുള്ള തെരച്ചിൽ ആരംഭിച്ചു.

ശുവൈഖ് മറൈൻ സെന്റർ, ശുവൈഖ് ഇൻഡസ്ട്രിയൽ സെന്റർ എന്നിവിടങ്ങളിലേക്ക് രക്ഷാ ബോട്ടുകൾ അയച്ചതായി പബ്ലിക് റിലേഷൻസ് ആൻഡ് ഇൻഫർമേഷൻ വകുപ്പ് അറിയിച്ചു. തെരച്ചിലിൽ വളരെ വേഗം തന്നെ യുവതിയെ കണ്ടെത്തി മെഡിക്കൽ സംഘത്തിന് കൈമാറി.

ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും തന്നെ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.