ബെയ്ജിങ്: ഹമാസിനെ അനുകൂലിക്കുന്ന ചൈനയുടെ പ്രസ്താവനയ്ക്ക് പിന്നാലെ രാജ്യത്തെ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥനു നേരെ ആക്രമണം. പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അപകടനില തരണം ചെയ്തുവെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.

എംബസിയുടെ പരിസരത്തുവച്ചല്ല ആക്രമണം ഉണ്ടായത്. ആരാണ് ആക്രമിച്ചതെന്നു കണ്ടെത്താനായില്ലെന്നും മന്ത്രാലയം അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. ഹമാസിനെ അനുകൂലിക്കുന്ന തരത്തിൽ ചൈന പ്രസ്താവന നടത്തിയതിനെ ഇസ്രയേൽ അംബസഡർ റാഫി ഹർപാസ് വിമർശിച്ചതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.

ഇസ്രയേൽ ഹമാസ് സംഘർഷത്തെത്തുടർന്ന് ഡൽഹിയിലും സുരക്ഷാ മുന്നറിയിപ്പ്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ തലസ്ഥാന നഗരിയിൽ ഫലസ്തീൻ അനുകൂലികളുടെ പ്രതിഷേധം ഉണ്ടായേക്കാമെന്നാണു മുന്നറിയിപ്പുണ്ടായത്. ഈ സാഹചര്യത്തിൽ ഡൽഹിയിലെ നിരത്തുകളിൽ പൊലീസിന്റെ സായുധ സംഘത്തെ നിരീക്ഷണത്തിനായി നിയോഗിച്ചു. ജൂത മത കേന്ദ്രങ്ങളിലും ഇസ്രയേൽ എംബസിക്കു പുറത്തും സുരക്ഷ ശക്തമാക്കി.

യുഎസ്എ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിലും ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷ വർധിപ്പിച്ചിരുന്നു. ഇസ്രയേൽ ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ രാജ്യങ്ങളിലെല്ലാം ഫലസ്തീൻ അനുകൂലികൾ വ്യാപക പ്രകടനം സംഘടിപ്പിച്ചിരുന്നു. ജൂത കേന്ദ്രങ്ങളെയും ഇസ്രയേൽ എംബസികളെയും ലക്ഷ്യമിട്ട് ആക്രമണത്തിനു സാധ്യതയുണ്ടെന്നും മിക്ക രാജ്യങ്ങളിലും മുന്നറിയിപ്പുണ്ട്.