ഹനോയ്: വിയറ്റ്‌നാമിൽ രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ദ്വിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി വിയറ്റ്‌നാമിലെത്തിയപ്പോഴാണ് രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. ബാക് നിൻ പ്രവിശ്യയിലെ അന്താരാഷ്ട്ര ഫ്രണ്ട്ഷിപ്പ് പാർക്കിലാണ് പ്രതിമയുടെ അനാച്ഛാദന ചടങ്ങുകൾ നടന്നത്.

ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന്റെ കൃതികൾ വിയറ്റ്‌നാമിലുടനീളം പരക്കെ അറിയപ്പെടുന്നതും വിലമതിക്കപ്പെടുന്നതുമാകുമെന്ന് ജയശങ്കർ പറഞ്ഞു. ടാഗോറിന്റെ പ്രതിമയിലൂടെ ബാക് നിൻ പ്രവിശ്യയുടെ പ്രശസ്തി വർദ്ധിപ്പിക്കുമെന്നും ഇന്ത്യയുമായുള്ള വിയറ്റ്‌നാമിന്റെ ശക്തമായ ബന്ധത്തിന് അടിത്തറയാകുമെന്നും അനാച്ഛാദന ചടങ്ങിന് ശേഷം ജയശങ്കർ ട്വിറ്ററിൽ കുറിച്ചു.

ബാക് നിൻ പ്രവിശ്യയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലും ജയശങ്കർ പങ്കെടുത്തു. ക്വാൻ ഹോ ആർട്ട് തിയേറ്റർ ഗ്രൂപ്പിന്റെ മികച്ച പ്രകടനത്തിന് അദ്ദേഹം സാക്ഷിയായി. ഡൽഹിയിൽ നടക്കുന്ന ഒമ്പതാമത് ഇന്ത്യാ ഇന്റർനാഷണൽ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന് ക്വാൻ ഹോ ആർട്ട് തിയേറ്റർ ഗ്രൂപ്പ് ഇന്ത്യയിലെത്തുമെന്ന് ജയശങ്കർ ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യൻ സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും സംവദിക്കുകയും ചെയ്തു. വിയറ്റ്നാം സന്ദർശനത്തിന് ശേഷം ഒക്ടോബർ 19-ന് ജയശങ്കർ സിംഗപ്പൂരിലേക്ക് തിരിക്കും.