എഡിൻബറോ: ഇസ്രയേൽ - ഹമാസ് സംഘർഷം തുടരുന്നതിനിടെ ഗസ്സയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങൾക്ക് അഭയം നൽകാൻ തയാറാണെന്ന് യുകെയുടെ അംഗരാജ്യങ്ങളിൽ ഒന്നായ സ്‌കോട്ലൻഡ്. ''സിറിയയിൽനിന്നും യുക്രെയ്‌നിൽനിന്നും മറ്റു പല രാജ്യങ്ങളിൽനിന്നുമുള്ളവരെ സ്‌കോട്‌ലൻഡ് സ്വാഗതം ചെയ്തിട്ടുണ്ട്. അത് തുടരും. ഗസ്സയിലെ ആക്രമണങ്ങളിൽ ഇരകളാകുന്നവർക്കു സംരക്ഷണം നൽകാൻ തയാറാകുന്ന യുകെയിലെ ആദ്യരാജ്യമാകുകയാണ് സ്‌കോട്‌ലൻഡ്'' ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് പറഞ്ഞു.

ഗസ്സയിൽ കുടിയൊഴിപ്പക്കപ്പെടുന്ന ഒരു മില്യൺ ആളുകൾക്കായി 'രാജ്യാന്തര അഭയാർഥി പദ്ധതിക്ക്' തുടക്കമിടുന്നതിനായി രാജ്യാന്തര സമൂഹത്തെയും ഹംസ യൂസഫ് ക്ഷണിച്ചു. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യുകെ സർക്കാരിനോടു മന്ത്രി ആവശ്യപ്പെടുകയും ചെയ്തു.

''ഗസ്സയിലെ പരുക്കേറ്റ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ചികിത്സിക്കാൻ ഞങ്ങൾ തയാറാണ്. എന്റെ ഭാര്യാ സഹോദരൻ ഗസ്സയിലെ ഡോക്ടറാണ്. ഗസ്സയിൽ നടക്കുന്ന കൂട്ടക്കൊലകളെക്കുറിച്ച് അദ്ദേഹം ഫോണിൽ സംസാരിക്കുമ്പോൾ പറയാറുണ്ട്. ആവശ്യ വസ്തുക്കൾ ആശുപത്രികളിലില്ല. ആരെ ചികിത്സിക്കണം, ആരെ മരണത്തിനു വിടണമെന്ന ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനം എടുക്കേണ്ട അവസ്ഥയിലാണ് നഴ്‌സുമാർ. അത് അനുവദിക്കാൻ പാടില്ലാത്ത കാര്യമാണ്'' ഹംസ യൂസഫ് പറഞ്ഞു. ഗസ്സയിലെ ബന്ധുക്കളെ കാണാൻ പോയ ഹംസ യൂസഫിന്റെ കുടുംബം പ്രദേശത്ത് കുടങ്ങിയിരിക്കുകയാണ്.