വാഷിങ്ടൺ: പാക്കിസ്ഥാന്റെ മിസൈൽ പദ്ധതിക്കായി ബാലിസ്റ്റിക് സാങ്കേതിക വിദ്യ കൈമാറിയ മൂന്ന് ചൈനീസ് കേന്ദ്രീകൃത കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. അണ്വായുധ നിർവ്യാപനത്തിന്റെ ഭാഗമായാണ് ഉപരോധമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

ജനറൽ ടെക്നോളജീസ് ലിമിറ്റഡ്, ബീജിങ് ലുവോ ലുവോ ടെക്നോളജീസ് ഡിവലപ്മെന്റ് കോ ലിമിറ്റഡ്, ചാങ്ഴൂ യുടെക് കോംപോസിറ്റ് കമ്പനി ലിമിറ്റഡ് എന്നിവയ്ക്കാണ് ഉപരോധം. ചൈനയുടെ എക്കാലത്തേയും വലിയ കൂട്ടാളിയായ പാക്കിസ്ഥാന് സൈനിക ആധുനിക വത്കരണത്തിന്റെ ഭാഗമായി ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും പ്രധാനമായും കൈമാറുന്നത് ചൈനയാണ്.

ബാലിസ്റ്റിക് മിസൈൽ റോക്കറ്റ് എൻജിനുകളിൽ ഉപയോഗിക്കുന്ന കൂട്ടിയോജിപ്പിക്കുന്ന ഘടകവസ്തുക്കൾ വിതരണം ചെയ്യുന്ന കമ്പനിയാണ് ജനറൽ ടെക്നോളജീ ലിമിറ്റഡ്. മിസൈൽ ടെക്നോളജി കൺട്രോൾ റെജീമിനാൽ നിയന്ത്രിക്കുന്ന സോളിഡ് പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോഴ്സിന്റെ ഉത്പാദനത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങളും മറ്റും വിതരണം ചെയ്യുന്ന കമ്പനിയാണ് ലുവോ ലുവോ ടെക്നോളജി ഡവലമെന്റ്. മിസൈൽ സംവിധാനത്തിൽ ഉപയോഗിക്കുന്ന ഡി-ഗ്ലാസ് ഗ്ലാസ് ഫൈബർ, ക്വാർട്സ് ഫാബ്രിക്, ഹൈ സിലിക്ക ക്ലോത്ത് എന്നിവ വിതരണം ചെയ്യുന്ന കമ്പനിയാണ് ചാങ്ഴൂ യുടെക് കോംപോസിറ്റ്.