ദുബായ്: ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്കൻ മേഖലയിൽ ദുബായ് ആണ് ഒന്നാമത്. ഈ വർഷത്തെ മികച്ച ആഗോള നഗര സൂചികയിൽ 23-ാം സ്ഥാനത്താണ് ദുബായ്

തുടർച്ചയായി മൂന്നാം വർഷമാണ് ദുബായ് സൂചികയിലെ ആദ്യ 25 സ്ഥാനങ്ങളിൽ ഇടം നേടുന്നതെന്ന് മാനേജ്മെന്റ് കൺസൾട്ടൻസി കെയർണി പറഞ്ഞു. ആകെ 156 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. വാണിജ്യ പ്രവർത്തനം, മനുഷ്യമൂലധനം, വിവര കൈമാറ്റം, സാംസ്‌കാരിക അനുഭവങ്ങൾ, രാഷ്ട്രീയമായ മുന്നേറ്റം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായി 156 നഗരങ്ങളുടെ ആഗോളതല ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ്. പട്ടികയിൽ ന്യൂയോർക്കാണ് ഒന്നാമത്. ലണ്ടൻ, പാരിസ് നഗരങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ടോക്കിയോ, ബെയ്ജിങ്, ബ്രസൽസ്, സിംഗപ്പൂർ, ലോസാഞ്ചൽസ്, മെൽബൺ, ഹോങ്കോങ് എന്നീ നഗരങ്ങളാണ് ആദ്യ പത്തിൽ ഇടം പിടിച്ചത്. മെന മേഖലയിൽ ദോഹയാണ് മികച്ച നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവാണ് മൂന്നാമത്. റിയാദ്, അബുദാബി നഗരങ്ങൾ നാലും അഞ്ചും സ്ഥാനങ്ങൾ നേടി. ആഗോള സൂചികയിൽ ദോഹ 50-ാം സ്ഥാനത്തും ടെൽ അവീവ് 57-ാമതുമാണ്. ആഗോളതലത്തിൽ മികച്ച കാഴ്ചപ്പാടുള്ള 30 നഗരങ്ങളിൽ അബുദാബിയുമുണ്ട്.