ജൊഹനാസ്ബർഗ്: കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്താൻ കർശന നടപടിയുമായി ദക്ഷിണാഫ്രിക്ക. കുട്ടികളെ സ്‌കൂളിൽ വിട്ടില്ലെങ്കിൽ ദക്ഷിണ ആഫ്രിക്കയിലെ മാതാപിതാക്കൾ ഇനി ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. അടിസ്ഥാന വിദ്യാഭ്യാസ നിയമ ഭേദഗതിയിലൂടെ വമ്പൻ മാറ്റങ്ങൾക്കാണ് ദക്ഷിണാഫ്രിക്കൻ പാർലമെന്റ് തുടക്കമിടുന്നത്. കുട്ടികളെ സ്‌കൂളിൽ ചേർത്തില്ലെങ്കിൽ 12 മാസം തടവാണ് മാതാപിതാക്കളെ കാത്തിരിക്കുന്നത്. ബേസിക് എഡ്യുക്കേഷൻ ലോ അമെന്ഡ്‌മെന്റ് (ബേല) എന്ന പേരിലാണ് പുതിയ നീക്കം.

1994ന് ശേഷമുള്ള വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ നീക്കമായാണ് പുതിയ ബില്ലിനെ സർക്കാർ കാണുന്നത്. സ്‌കൂളുകളിൽ കുട്ടികളെ അടിക്കുകയോ മറ്റ് രീതിയിലുള്ള ദേഹോപദ്രവമായ ശിക്ഷകൾ നൽകുകയോ ചെയ്യരുതെന്നും പുതിയ നിയമം പറയുന്നത്. രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ഉടച്ചു വാർക്കുമെന്നാണ് ഭൂരിപക്ഷ കക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ അവകാശവാദം. എന്നാൽ സ്‌കൂളുകൾക്ക് മേൽ സർക്കാർ അമിതാധികാര പ്രയോഗം നടത്തുകയാണെന്നാണ് മുഖ്യ പ്രതിക്ഷമായ ഡെമോക്രാറ്റിക് അലയൻസ് ആരോപിക്കുന്നത്.

സ്‌കൂളുകളിലെ ഭാഷാ പരമായ നയത്തേക്കുറിച്ചും പുതിയ ബില്ല് അനുസരിച്ച് നിർദേശങ്ങളുണ്ട്. അന്താരാഷ്ട പഠന നിലവാരത്തിൽ 2021ലെ കണക്കുകൾ അനുസരിച്ച് ആഫ്രിക്കയിലെ വിദ്യാഭ്യാസ മേഖല വളരെ പിന്നിലാണ്. ലോകമെമ്പാടുമായി നാല് ലക്ഷത്തോളം കുട്ടികളുടെ വായനാ ശേഷി വിലയിരുത്തിയതിന് പിന്നാലെയാണ് ഈ നിരീക്ഷണം. പത്ത് വയസ് പ്രായത്തിനുള്ളിൽ ദക്ഷിണാഫ്രിക്കയിലെ പത്തിൽ എട്ട് കുട്ടികൾക്കും വായിക്കാൻ പോലും സാധിക്കുന്നില്ലെന്നാണ് വിദ്യാഭ്യാസ വിദഗ്ദ്ധർ വിശദമാക്കുന്നത്.