ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌കിന്റെ ജീവചരിത്രം വെള്ളിത്തിരയിലേക്ക്. മസ്‌കിന്റെ വ്യക്തിജീവിതത്തിന് പുറമെ ബഹിരാകാശ പര്യവേക്ഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി വിഷയങ്ങളും സിനിമ ചർച്ച ചെയ്യുമെന്നാണ് വിവരങ്ങൾ. ബ്ലാക്ക് സ്വാൻ, ദി റെസ്ലർ, ദി വെയ്ൽ, പൈ, മദർ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഡാരൻ ആരോനോഫ്സ്‌കിയാണ് ചിത്രം ഒരുക്കുന്നത്. ബ്ലാക്ക് സ്വാൻ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കർ നോമിനേഷൻ നേടിയ ആളാണ് അമേരിക്കൻ സംവിധായകനായ ഡാരൻ.

എ24 പ്രൊഡക്ഷൻ ഹൗസാണ് ഇലോൺ മസ്‌കിന്റെ ജീവചരിത്രം നിർമ്മിക്കുന്നത്. ബ്രെൻഡൻ ഫേസറിനെ നായകനാക്കി ഡാരൻ ആരോനോഫ്സ്‌കി ഒരുക്കിയ 'ദി വെയ്ൽ' നിർമ്മിച്ചതും എ24 പ്രൊഡക്ഷൻ ഹൗസാണ്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കാർ ബ്രെൻഡൻ ഫ്രേസറിന് ലഭിച്ചിരുന്നു.

വാൾട്ടർ ഐസക്സണിന്റെ രചനയിൽ സെപ്റ്റംബറിൽ പുറത്തിറങ്ങിയ മസ്‌കിന്റെ ജീവചരിത്രമായ 'ഇലോൺ മസ്‌ക്' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചോ അഭിനേതാക്കളെക്കുറിച്ചോ യാതൊരു വിവരങ്ങളും പുറത്തിവിട്ടിട്ടില്ല. ഐസക്‌സണിന്റെ 'സ്റ്റീവ് ജോബ്സ്' എന്ന പുസ്തകത്തെ ആസ്പദമാക്കി സ്റ്റീവ് ജോബ്‌സിന്റെ ജീവിത കഥയും സിനിമയാക്കിയിരുന്നു.