മനില: ഫിലിപ്പീൻസിൽ വൻഭൂചലനം. പ്രകമ്പനത്തിന് 7.2 തീവ്രത രേഖപ്പെടുത്തിയതായാണ് ഫിലിപ്പീൻസ് ഇൻസ്റ്റിട്യൂട്ട് ഓഫ് വോൾക്കാനോളജി ആൻഡ് സീസ്മോളജി പ്രതികരിച്ചത്. അതേ സമയം ഭൂകമ്പമാപിനിയിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ചലനമാണുണ്ടായതെന്ന് ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (ജിഎഫ്സെഡ്) അറിയിച്ചു.

മിൻഡനാവോ മേഖലയിൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4.14 ഓടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഭൗമാന്തർഭാഗത്ത് പത്ത് കിലോമീറ്റർ ആഴത്തിൽ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയ ഭൂകമ്പം സുനാമിയിലേക്ക് നയിക്കാൻ സാധ്യതയില്ലെന്ന് പസഫിക് സുനാമി വാണിങ് സെന്റർ അറിയിച്ചു.

ഭൂചലനത്തെ തുടർന്നുള്ള ആദ്യവാർത്തകളിൽ അനിഷ്ടസംഭവങ്ങളേക്കുറിച്ച് പരാമർശമില്ല. പ്രകമ്പനം ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടുനിന്നതായി ഫിലിപ്പീൻസ് ഇൻസ്റ്റിട്യൂട്ട് ഓഫ് വോൾക്കാനോളജി ആൻഡ് സീസ്മോളജി പറഞ്ഞു. തുടർചലനങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

തീവ്രഭൂചലനത്തെ തുടർന്ന് കെട്ടിടത്തിന്റെ ഭിത്തികളിൽ വിള്ളലുണ്ടായതായും കമ്പ്യൂട്ടറുകളിൽ ചിലത് നിലത്ത് വീണതായും ജനറൽ സാന്റോസിൽ റേഡിയോ അനൗൺസറായ ലെനി അരാനേഗോ പറഞ്ഞു. ജനറൽ സാന്റോസിലെ വിമാനത്താവളത്തിൽനിന്ന് യാത്രികരെ അടിയന്തരമായി ഒഴിപ്പിച്ചു. കെട്ടിടങ്ങൾ തകർന്നതായുള്ള റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

ശാന്തസമുദ്രത്തിന്റെ 'റിങ് ഓഫ് ഫയർ' എന്നറിയപ്പെടുന്ന മേഖലയിൽ സ്ഥിതിചെയ്യുന്നതിനാൽത്തന്നെ ഫിലിപ്പീൻസിൽ ഭൂചലനങ്ങൾ സാധാരണമാണ്. സജീവമായ അഗ്‌നിപർവതങ്ങൾ നിരവധിയുള്ള ശാന്തസമുദ്രമേഖലയാണ് 'റിങ് ഓഫ് ഫയർ' എന്നറിയപ്പെടുന്നത്.